വാഷിംഗ്ടൺ : അമേരിക്കയിലെ അ നധികൃത കുടിയേറ്റക്കാരെ നാടുകടത്താനായി ചിലവഴിക്കേണ്ടി വരുന്നത് കോടിക്കണക്കിന് ഡോളർ വിവിധ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിൽ അനധികൃതമായി കുടിയേറിയവരെ കൂട്ടത്തോടെ നാടുകടത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം വിമർശനം നേരിടുന്നതിനിടെ, പണച്ചെലവു സംബന്ധിച്ചും വ്യാപക ആശങ്ക. പ്രതിരോധ വകുപ്പിൻ്റെ സൗകര്യങ്ങൾ ഉപയോഗിച്ചാണു കുടിയേറ്റക്കാരെ നാടുകടത്തുന്നത്.
ഇതിനായി സൈനിക വിമാനങ്ങളും. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ചാർട്ടേഡ് ചെയ്യുന്ന വിമാനങ്ങളേക്കാൾ ഇതിനു ചെലവു കൂടുതലാണെന്നാണു റിപ്പോർട്ട്.
സി-17, സി-130ഇ എന്നീ സേനാ വിമാനങ്ങളാണു കുടിയേറ്റക്കാരെ നാടുകടത്താൻ ഉപയോഗിക്കുന്നത് . സി-17 വിമാനത്തിനു മണിക്കൂറിന് ഏകദേശം 21,000 ഡോളറാണു ചെലവ്. അടുത്തിടെ ടെക്‌സസിലെ എൽപാസോയിൽനിന്നു ഗ്വാട്ടിമാല സിറ്റിയിലേക്ക് 80 കുടിയേറ്റക്കാരുമായി 12 മണിക്കൂർ യാത്രയ്ക്ക് 2.52 ലക്ഷം ഡോളറായി. സി-130ഇ വിമാനത്തിന് മണിക്കൂറിന് 68,000 മുതൽ 71,000 ഡോളർ വരെയാണു ചെലവ്. എൽപാസോ- ഗ്വാട്ടിമാല സിറ്റി യാത്രയ്ക്ക് സി- 130ഇ വിമാനത്തിന് 8.52 ലക്ഷം ഡോളറാണു നിരക്ക്.എന്നാൽ, ഡിഎച്ച്എസിന്റെ ചാർട്ടേഡ് വിമാനമാണ് ഉപയോഗിച്ചതെങ്കിൽ ഇതേ യാത്രയ്ക്ക് 8577 ഡോളർ മാത്രമേ ചെലവാകൂ. അതിർത്തിയിൽ ട്രംപ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതും ചെലവ് കൂട്ടുന്നെന്നാണു വിലയിരുത്തൽ. അതിവേഗ നടപടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ, സൈനിക വിമാനങ്ങളുടെ ചെലവുകൾ ഇതുവരെ പൂർണമായി കണക്കാക്കിയിട്ടില്ലെന്നാണു പ്രതിരോധ വകുപ്പ് പറയുന്നത്. സർക്കാരിന്റെ മുൻഗണനകൾക്ക് അനുസരിച്ച് പെന്റഗൺ ഫണ്ട് വകമാറ്റുമെന്നാണു പ്രതീക്ഷയെന്നു റിട്ട. ജനറൽ ഗ്ലെൻ വാൻഹെർക് പ്രതികരിച്ചു.