വാഷിങ്ടൺ: ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പൂർണമായി കുടിയിറക്കുന്നതിനായി അഭയാർത്ഥികളെ സ്വീകരിക്കണമെന്ന യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ആവശ്യം തള്ളി ജോർദാനും ഈജിപ്തും. ഗസ്സയിൽ നിന്നുള്ള 15 ലക്ഷത്തോളം ആളുകളെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവുമായും ഈജിപ്ത് പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് അൽ സിസ്സിയോടും സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായാണ് അത്തരമൊരു പദ്ധതിയോട് സഹകരിക്കില്ലെന്ന് ഇരു രാഷ്ട്രങ്ങളും വ്യക്തമാക്കിയിരിക്കുന്നത്.
‘ഈജിപ്ത് (ഗസ്സയിൽ നിന്നുള്ള) ആളുകളെ ഏറ്റെടുക്കണമെന്നാണ് എന്റെ ആഗ്രഹം. അതുപോലെ ജോർദാനും ആളുകളെ ഏറ്റെടുക്കണം. ഒന്നര ദശലക്ഷം ആളുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ആ ഭാഗം പൂർണമായി വൃത്തിയാക്കണം…’ എന്നാണ് അമേരിക്കയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ ട്രംപ് പറഞ്ഞത്. ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് നാടുവിടേണ്ടി വന്ന ഗസ്സയിലെ ജനങ്ങൾ, വെടിനിർത്തൽ കരാറിനെ തുടർന്ന് തിരിച്ചെത്തി തുടങ്ങുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.
ഫലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് കുടിയിറക്കുന്നതിന് എതിരായ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിന് അമേരിക്കയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ജോർദാൻ വിദേശമന്ത്രി അയ്മൻ സഫാദി പറഞ്ഞു: ‘ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഫലസ്തീനികളുടെ നിലനിൽപ്പ് അവരുടെ മണ്ണിൽ ആണെന്ന ജോർദാന്റെ നിലപാടിൽ ഒരു മാറ്റവുമില്ല.’ ഗസ്സയിലെ യു.എൻ ദുരിതാശ്വാസ, പുനർനിർമാണ കോഓഡിനേറ്റർ സിഗ്രിദ് കാഗിനൊപ്പമുള്ള വാർത്താസമ്മേളനത്തിൽ സഫാദി പറഞ്ഞു.
‘ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്ന നയത്തിനോടുള്ള ജോർദാന്റെ എതിർപ്പ് നാമെല്ലാം ആഗ്രഹിക്കുന്ന സമാധനത്തിനും സ്ഥിരതക്കും വളരെ അത്യാവശ്യമാണ്. ഫലസ്തീൻ പ്രശ്‌നത്തിന്റെ പരിഹാരം കിടക്കുന്നത് ഫലസ്തീനിൽ തന്നെയാണ്. ജോർദാൻ ജോർദാനികൾക്കും ഫലസ്തീൻ ഫലസ്തീനികൾക്കുമുള്ളതാണ്. മേഖലയിൽ സമാധാനം സ്ഥാപിക്കാൻ വേണ്ടി യു.എസ് ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കും.’ – അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീൻ പ്രശ്‌നം രാഷ്ട്രീയമായാണ് പരിഹരിക്കേണ്ടതെന്നും ഫലസ്തീനികളുടെ ചെറുത്തുനിൽപ്പിനും സ്വന്തം ഭൂമിക്കു മേലുള്ള അവകാശത്തിനുമൊപ്പമാണ് എല്ലായ്‌പോഴും തങ്ങളെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി: ‘ഫലസ്തീൻ പ്രശ്‌നം അറബ് ലോകത്തെയും മിഡിൽ ഈസ്റ്റിലെയും പ്രധാന പ്രശ്‌നമാണ്. അധിനിവേശം അവസാനിപ്പിക്കുകയും ഫലസ്തീനികളിൽ നിന്ന് തട്ടിയെടുക്കപ്പെട്ട അവകാശങ്ങൾ അവർക്ക് തിരികെ നൽകുകയും വേണം. ഫലസ്തീനികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടാൻ കാരണമാകുന്ന ഏകപക്ഷീയമായ നടപടികൾ അവസാനിപ്പിച്ച് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നത് നിർണായകമാണ്. 1967-ൽ നിർണയിച്ച അതിർത്തി പ്രകാരം ഫലസ്തീനികൾക്ക് അവരുടെ ഭൂമി വിട്ടുനൽകണം എന്നതാണ് ഞങ്ങളുടെ എല്ലാ കാലത്തെയും നിലപാട്.’ – പ്രസ്താവനയിൽ പറയുന്നു.
‘സിനായ് മരുഭൂമിയിലേക്ക് ഫലസ്തീനികളെ മാറ്റിക്കൊണ്ടുള്ള ഒരു പ്രശ്‌നപരിഹാരത്തിലും പങ്കാളിയാവാൻ ഈജിപ്തിനു കഴിയില്ല’ എന്ന തലക്കെട്ടിൽ ഈജിപ്തിന്റെ യു.എസ് അംബാഡസർ മുതാസ് സഹ്‌റാൻ 2003-ൽ എഴുതിയ ലേഖനം, ഈജിപ്തിന്റെ യു.എസ് എംബസി ‘എക്‌സിൽ’ പങ്കുവെക്കുകയും ചെയ്തു.