വാഷിങ്ടൺ ഡി.സി: കലിഫോർണിയ സംസ്ഥാനത്തിന്റെ ജലനയങ്ങൾ അസാധുവാക്കാൻ ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീയണക്കൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് ആവശ്യമെങ്കിൽ കലിഫോർണിയയുടെ ജലനയം റദ്ദാക്കാൻ ഫെഡറൽ സർക്കാറിന് പ്രസിഡന്‍റ് നിർദേശം നൽകിയത്. തുടർച്ചയായ കാട്ടുതീ നാശംവിതച്ച കലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് മേഖല സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്‍റെ ഉത്തരവ്.
തീപിടിത്തത്തെ ചെറുക്കുന്നതിന് സംസ്ഥാനത്തിന്റെ വടക്കു ഭാഗങ്ങളിൽ നിന്ന് വെള്ളം നൽകാൻ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമും മറ്റ് ഉദ്യോഗസ്ഥരും വിസമ്മതിച്ചുവെന്ന തെറ്റായ വാദവും ട്രംപ് ഉന്നയിച്ചു. സംസ്ഥാന നിയമങ്ങളോട് വിരുദ്ധമാണെങ്കിലും കൂടുതൽ ജലവും ജലവൈദ്യുതിയും വിതരണം ചെയ്യാനും യു.എസ് ബ്യൂറോ ഓഫ് റിക്ലമേഷനോട് ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഡാമുകളുടെയും കനാലുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും ശൃംഖലയായ സെൻട്രൽ വാലി പ്രോജക്റ്റ് വഴിയുള്ള വിതരണത്തിനാണ് നിർദേശം.
അതേസമയം, ലോസ് ഏഞ്ചൽസ് മേഖലയിൽ ഭൂരിഭാഗം വെള്ളവും മറ്റ് സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്നതിനാലും ക്ഷാമം ഇല്ലാത്തതിനാലും അഗ്നിശമന പ്രവർത്തനങ്ങളിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് കാലിഫോർണിയ ഗവർണർ ന്യൂസമിന്റെ വക്താവ് പറഞ്ഞു. ഒന്നുകിൽ കലിഫോർണിയയിൽ എങ്ങനെ വെള്ളം സംഭരിക്കുന്നു എന്നതിനെക്കുറിച്ച് ട്രംപിന് അറിയില്ല, അല്ലെങ്കിൽ ബോധപൂർവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ന്യൂസമിന്റെ വക്താവ് ടെറ ഗാലഗോസ് കൂട്ടിച്ചേർത്തു.