വാഷിംഗ്ടണ്‍ ഡിസി: ഓരോ കുഞ്ഞും ഒരു അത്ഭുതമാണെന്നും അത് ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി വാന്‍സ്. കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. കുടുംബത്തിന് അനുകൂലമായ ഒരു സമൂഹം സൃഷ്ടിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യുക എന്നതാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ തന്റെ ലക്ഷ്യമെന്നും പുതിയ വൈസ് പ്രസിഡൻ്റ് പറഞ്ഞു.
അമേരിക്കയിൽ കൂടുതൽ കുഞ്ഞുങ്ങൾ വേണം. ഒപ്പം അവരെ ലോകത്തിലേക്ക് സ്വാഗതം ചെയ്യാൻ, അവരെ വളർത്താൻ ഉത്സുകരുമായ ചെറുപ്പക്കാരെയും യുവതികളെയും ഞാൻ ആഗ്രഹിക്കുന്നു. യുവ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത് എളുപ്പമാക്കുവാനും അവരെ ലോകത്തിലേക്ക് കൊണ്ടുവരുവാനും ഇടപെടലുകള്‍ നടത്തേണ്ടത് സർക്കാരിന്റെ കടമയാണ്. ചൈൽഡ് ടാക്‌സ് ക്രെഡിറ്റും ബോൺ-എലൈവ് അബോർഷൻ സർവൈവേഴ്‌സ് ആക്ടിനുള്ള പിന്തുണയും വർദ്ധിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നയവും വാൻസ് പങ്കുവെച്ചു.
ജീവന് വേണ്ടി പൊരുതുന്നവര്‍ക്ക് നേരെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകില്ലായെന്നും നിലവില്‍ കുറ്റവിമുക്തരാക്കിയ പ്രോലൈഫ് പ്രവര്‍ത്തകരുടെ പിറകെ സർക്കാർ പോകില്ലായെന്നും അമേരിക്കന്‍ വൈസ് പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെ മാര്‍ച്ച് ഫോര്‍ ലൈഫിനെ ഡൊണാള്‍ഡ് ട്രംപ് അഭിസംബോധന ചെയ്തിരിന്നു.