വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ആദ്യമായി ഇരുവരും ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചതായും ട്രംപ് വെളിപ്പെടുത്തി.
ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് മോദിയുടെ സന്ദര്‍ശനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ട്രംപിനെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം, സന്ദര്‍ശനത്തീയതി തീരുമാനിച്ചിട്ടില്ല.
കുടിയേറ്റ സംബന്ധമായ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ ശരിയായതു ചെയ്യുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. കുടിയേറ്റ വിഷയങ്ങള്‍ കൂടാതെ വ്യാപാര ബന്ധങ്ങള്‍, പ്രാദേശിക സുരക്ഷ എന്നീ വിഷയങ്ങളും ഇരുവരും സംസാരിച്ചു. വൈറ്റ് ഹൗസിന്റെ പ്രസ്താവന പ്രകാരം, ട്രംപും മോദിയും തമ്മില്‍ ഊഷ്മളമായ സംഭാഷണമാണ് നടന്നത്. യുഎസ്-ഇന്ത്യ സഹകരണവും ഇന്തോ-പസഫിക് ക്വാഡ് സഖ്യത്തിന്റെ ശാക്തീകരണവും ഇരുവരും ചര്‍ച്ച നടത്തി.
ട്രംപിനെ പ്രിയ സുഹൃത്തെന്നാണ് മോദി വിശേഷിപ്പിച്ചത്. അദ്ദേഹവുമായി സംസാരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്നലെ എക്‌സ് അക്കൗണ്ടില്‍ മോദി കുറിച്ചിരുന്നു. രണ്ടാം തവണയും അധികാരത്തിലെത്തിയതില്‍ ട്രംപിനെ അഭിനന്ദിക്കുകയും ചെയ്തു. ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കും- മോദി കുറിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി അമേരിക്ക സന്ദര്‍ശിച്ചത്. അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിച്ച നാലാമത്തെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി അവിടെ എത്തിയത്. ക്വാഡ് സഖ്യ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരായ ഓസ്‌ട്രേലിയയിലെ ആന്റണി അല്‍ബനീസിയും ജപ്പാനിലെ അന്നത്തെ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും മോദി അഭിസംബോധന ചെയ്തു.