Monday, March 31, 2025

HomeAmericaകേരള റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍ മീറ്റിങ്ങുകള്‍ ഇനി പുതിയ വേദിയിലേയ്ക്ക്‌

കേരള റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍ മീറ്റിങ്ങുകള്‍ ഇനി പുതിയ വേദിയിലേയ്ക്ക്‌

spot_img
spot_img

ചെറിയാന്‍ മഠത്തിലേത്ത്

ഹൂസ്റ്റണ്‍: ഹൃദയഹാരിയായ നഗരമാണ് ഹൂസ്റ്റണ്‍. കനത്ത മഞ്ഞുവീഴ്ചമൂലം ഈയിടെ നഗരജീവിതം സ്തംഭിക്കുകയുണ്ടായി. നിരത്തില്‍ വാഹനങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയാവില്ല. സിറ്റി അധികൃതര്‍ ജനങ്ങളോട് വീട്ടില്‍തന്നെ കഴിയുവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അത് പാലിക്കപ്പെടുകയും ചെയ്തു.

വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ യോഗം നിശ്ചയിച്ച പ്രകാരം ചേരാന്‍ കഴിയുമോയെന്ന ആശങ്കയുണ്ടായി. എന്നാല്‍ ഹൂസ്റ്റണില്‍ കാലാവസ്ഥയ്ക്ക് മാറ്റം വന്നു. കൊടും തണുപ്പ് ക്രമേണ കുറഞ്ഞ് അന്തരീക്ഷ താപനില 60 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയായി ഉയര്‍ന്നു.

ലോകത്തെ പരിഭ്രാന്തിയിലാഴ്ത്തിയ കോവിഡിന് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് പിന്നാലെ റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതുവര്‍ഷത്തിലെ മീറ്റിങ്ങുകള്‍ ഹോട്ടലില്‍ ചേരുവാന്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ഇക്കഴിഞ്ഞ 25-ാം തീയതി ശനിയാഴ്ച കേരള കിച്ചണ്‍ റസ്റ്ററന്റില്‍ റൈറ്റേഴ്‌സ് ഫോറം അംഗങ്ങള്‍ സംഗമിച്ചു. ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് അധ്യക്ഷത വഹിച്ച യോഗത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്ത സെക്രട്ടറി മോട്ടി മാത്യു പുതുമുഖങ്ങളെ പരിചയപ്പെടുത്തി.

നമ്മുടെ ചുറ്റുവട്ടത്തു നിന്നും വിടചൊല്ലിയ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടര്‍, മലയാളത്തിന്റെ ലോകോത്തര സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍, മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുള്ള ഗാനസമ്രാട്ട് പി ജയചന്ദ്രന്‍ എന്നിവര്‍ക്ക് ചെറിയാന്‍ മഠത്തിലേത്ത് ആദരാഞ്ജലികളര്‍പ്പിച്ചു. തുടര്‍ന്ന് ഏവരും അല്‍പനേരം മൗനം ആചരിച്ചു.

തുടര്‍ന്ന് കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ 21-ാം സമാഹാരമായ ‘ശരത്കാല സന്ധ്യയുടെ മണിമുഴക്കങ്ങള്‍’ പ്രകാശനം ചെയ്തു. പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് പുസ്തകം അവതരിപ്പിച്ച് സംസാരിക്കുകയും ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ. റീനു വര്‍ഗീസിന് നല്‍കിക്കൊണ്ട് പ്രകാശന കര്‍മം നിര്‍വഹിക്കുകയും ചെയ്തു.

തദവസരത്തില്‍ പ്രമുഖ എഴുത്തുകാരന്‍ ജോസഫ് നമ്പിമഠത്തിന്റെ രണ്ട് പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെട്ടു. ‘നടക്കാനിറങ്ങിയ കവിത’ എന്ന പുസ്തകം മാത്യു നെല്ലിക്കുന്ന് സുരേന്ദ്രന്‍ നായര്‍ക്ക് നല്‍കിയും, ‘നമ്പിമഠം കവിതകള്‍’ എന്ന കവിതാ സമാഹാരം ചെറിയാന്‍ മഠത്തിലേത്ത് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യുവിനും നല്‍കിക്കൊണ്ടായിരുന്നു പ്രകാശനം.

ചര്‍ച്ചയില്‍ ഏവരും സജീവമായി പങ്കെടുത്തു. ഡോ. റീനു വര്‍ഗീസ് “Live on a Rainy Day…Suddenly a bright light struck my face, As I hurried to put the drapes…’ എന്നാരംഭിക്കുന്ന കവിത അവതരിപ്പിച്ചു. സജി കൊല്ലന്തറ കേരളത്തിലും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലുമായുള്ള തന്റെ സാഹിത്യാനുഭവം വിവരിച്ചു. അറ്റോര്‍ണി ഇന്നസെന്റ്, റവ. തോമസ് അമ്പലവേലില്‍, കുര്യന്‍ മ്യാലില്‍, ഡോ. മാത്യു വൈരമണ്‍, സുരേന്ദ്രന്‍ നായര്‍, ജോസഫ് നമ്പിമഠം, ആന്‍സി സാമുവേല്‍ എന്നിവരും തങ്ങളുടെ സാഹിത്യാനുഭവം പങ്കുവച്ചു.

മലയാളത്തിലെ പ്രമുഖ നിരൂപകനും പത്രാധിപരുമായ എസ്. ജയചന്ദ്രന്‍നായരെ അനുസ്മരിച്ച് ജോസഫ് തച്ചാറ ഒരു ലേഖനം അവതരിപ്പിച്ചു. ഈ മുഖാമുഖ യോഗത്തെ അഭിനന്ദിച്ച ശ്രീകുമാര്‍ മേനോന്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ ദേശീയ-അന്തര്‍ദേശീയ അംംഗങ്ങളെ ഓണ്‍ലൈനില്‍ കൊണ്ടുവരാന്‍ നിര്‍ദേശിച്ചു. ശ്രീമതി ഗ്രേസി നെല്ലിക്കുന്ന്, ശ്രീമതി ബോബി മാത്യു, ശ്രീമതി ലതാ മേനോന്‍ എന്നിവരും സംസാരിച്ചു. റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി മോട്ടി മാത്യു നന്ദി പ്രകാശിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments