വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭാ ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി റോമിൽ ഡ്രോണ്‍ ഷോ ഒരുക്കാൻ അമേരിക്കൻ കോടീശ്വരനായ ഇലോൺ മസ്‌കിന്‍റെ മസ്‌കിന്‍റെ സഹോദരന്‍. ഇതിന്റെ ഭാഗമായി മസ്‌കിന്‍റെ ഇളയ സഹോദരന്‍ കിംബാൽ മസ്‌ക്, റോം മേയർ റോബർട്ടോ ഗ്വാൾട്ടിയേരിയുമായി കൂടിക്കാഴ്ച നടത്തി.
ആഗോള കത്തോലിക്ക സഭ പ്രത്യേകമായി കൊണ്ടാടുന്ന 2025 ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി സംഗീത അകമ്പടിയോടെ ഡ്രോണ്‍ ഷോ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച നടന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെയും പലാസോ ചിഗിയിൽ സന്ദർശിച്ചിരിന്നു. ഇറ്റലിയിലെ എലോൺ മസ്‌കിൻ്റെ പ്രതിനിധി ആൻഡ്രിയ സ്ട്രോപ്പ, വെറോണിക്ക ബെർട്ടി എന്നിവരുടെ ഒപ്പമായിരിന്നു കൂടിക്കാഴ്ച.
ജൂബിലിയുടെ വത്തിക്കാനിലെ ചീഫ് ഓർഗനൈസർ ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ലയുമായി സംഗീത ഡ്രോൺ ഷോയുടെ ആശയം കിംബാൽ മസ്‌ക് പങ്കുവെയ്ക്കുമെന്ന് ഇറ്റാലിയൻ പത്രമായ ലാ സ്റ്റാമ്പ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെസ്‌ലയുടെ ബോർഡ് മെമ്പര്‍ കൂടിയായ കിമ്പാൽ മസ്‌ക്, വലിയ തോതിലുള്ള ലൈറ്റ് ഡിസ്‌പ്ലേകൾ നിർമ്മിക്കാൻ കഴിവുള്ള 9,000 നൂതന ഡ്രോണുകളുടെ കമ്പനിയായ നോവ സ്കൈ സ്റ്റോറീസ് ഉടമ കൂടിയാണ്.
ഒളിമ്പിക്സ് ഗെയിംസ്, സൂപ്പർ ബൗൾ ഹാഫ്‌ടൈം ഷോ, ഇൻ്റർനാഷണൽ എക്‌സ്‌പോസ് തുടങ്ങിയ പരിപാടികളിൽ ഇവരുടെ കമ്പനി അവതരിപ്പിക്കുന്ന ഡ്രോൺ ഷോകൾ സമീപ വർഷങ്ങളിൽ ജനശ്രദ്ധ നേടിയിരിന്നു. 2025 ജൂബിലി വര്‍ഷത്തില്‍ വിവിധങ്ങളായ പരിപാടികള്‍ക്കായി വത്തിക്കാന്‍ തയാറെടുക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഡ്രോൺ ഷോയുടെ സാക്ഷാത്കാരത്തിന് വത്തിക്കാന്‍റെ പൂര്‍ണ്ണ അനുമതി ആവശ്യമാണ്.