അജു വാരിക്കാട്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ നോണ്‍ പ്രോഫിറ്റ് സംഘടനയായ സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍, സംഘടനയുടെ 10-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി, അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിന്റെ പ്രഖ്യാപനം നടത്തി. പ്രസിഡന്റ് വിനയന്‍ മാത്യു ജനുവരി 25 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫില്‍ ഫിലാ ബാര്‍ ആന്‍ഡ് റെസ്റ്റോറന്റില്‍ വെച്ചു നടന്ന കിക്ക് ഓഫ് ചടങ്ങിന് മുമ്പായി നടന്ന പ്രസ് മീറ്റിലാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസ് മീറ്റിന് നേതൃത്വം നല്‍കി.

2025 മാര്‍ച്ച് 14, 15, 16 തീയതികളില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റ്, ആദ്യമായി അന്താരാഷ്ട്ര തലത്തിലേക്ക് എത്തപ്പെടുന്ന മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റായി ചരിത്രത്തില്‍ ഇടം പിടിക്കും. അമേരിക്കയില്‍ നിന്നുള്ള 16 ടീമുകളും കാനഡയില്‍ നിന്നുള്ള 2 ടീമുകളും പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റിന് ഹൂസ്റ്റണിലെ 11 പ്രധാന ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ വേദിയായിരിക്കും. വിജയികള്‍ക്ക് 5,000 ഡോളര്‍ സമ്മാനവും, റണ്ണേഴ്‌സ് അപ്പുകള്‍ക്ക് 2,500 ഡോളര്‍ സമ്മാനവുമാണ് പ്രഖ്യാപിച്ചത്.

കിക്ക് ഓഫ് പ്രോഗ്രാം പ്രേമദാസ് മമ്മഴിയില്‍ സ്വാഗതം പറയുകയും, മിഖായേല്‍ ജോയ് ചടങ്ങിന് അധ്യക്ഷത വഹിക്കുകയും ചെയ്തു. തുടര്‍ന്ന് വിനയന്‍ മാത്യു പരിപാടികളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. ബിജേഷ് ജോണ്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോള്‍, അരുണ്‍ ജോസ് പുതിയ ജേഴ്സി പ്രകാശനം ചെയ്തു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രസിന്‍ട് 3 പോലീസ് ക്യാപ്റ്റനായ മനോജ് പൂപ്പാറയിലിനെ സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍ ആദരിച്ചു. ജഡ്ജ് ജൂലി മാത്യു അദ്ദേഹത്തിന് ഫലകം കൈമാറി. ടൂര്‍ണമെന്റിന്റെ ആദ്യ കൂപ്പണ്‍ വില്പന ശ്രീജിത്ത് പരമ്പില്‍, ഫോമ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേലിന് നല്‍കി നിര്‍വഹിച്ചു.


ഹൂസ്റ്റണിലെ പ്രമുഖ വ്യക്തിത്വങ്ങളായ ജഡ്ജ് ജൂലി മാത്യു, ബേബി മണക്കുന്നേല്‍, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) വൈസ് പ്രസിഡന്റ് മാത്യുസ് ചാണ്ടപ്പിള്ള, ട്രഷറര്‍ സുജിത് ചാക്കോ, പി അര്‍ ഓ ജോണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ക്രിസ്റ്റോഫര്‍ ജോര്‍ജ്, ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് ജീമോന്‍ റാന്നി, സെക്രട്ടറി മോട്ടി മാത്യു, സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, ഫോമ റീജിയണല്‍ വിമന്‍സ് സെക്രട്ടറി ആന്‍സി സാമൂല്‍, ഫൊക്കാന നാഷണല്‍ വിമന്‍സ് ചെയര്‍ ഷീല ചെറു തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

”ഈ ടൂര്‍ണമെന്റ് യുഎസില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആയിരിക്കും…” എന്ന് വിനയന്‍ മാത്യു പറഞ്ഞു. മിഖായേല്‍ ജോയ്, ഹൂസ്റ്റണ്‍ ടീമിന്റെ വിജയ പ്രതീക്ഷയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോള്‍, ”കപ്പ് ഇത്തവണ ഹൂസ്റ്റണില്‍ തന്നെ നിലനില്‍ക്കും…” എന്ന് അവകാശപ്പൈട്ടു. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാവരെയും സ്റ്റാര്‍സ് ഓഫ് ഹൂസ്റ്റണ്‍, ഈ ടൂര്‍ണമെന്റില്‍ സജീവമായി പങ്കാളിയാകുവാന്‍ ക്ഷണം നല്‍കിയിട്ടുണ്ട്.