Wednesday, March 12, 2025

HomeAmericaപൈതൃകം നിലനിര്‍ത്തി ഫോമായെ നയിക്കാനൊരുങ്ങി ഫ്‌ളോറിഡയില്‍നിന്ന് മാത്യു വര്‍ഗീസ് (ജോസ്)

പൈതൃകം നിലനിര്‍ത്തി ഫോമായെ നയിക്കാനൊരുങ്ങി ഫ്‌ളോറിഡയില്‍നിന്ന് മാത്യു വര്‍ഗീസ് (ജോസ്)

spot_img
spot_img

എ.എസ് ശ്രീകുമാര്‍

അമേരിക്കന്‍ മലയാളി സമൂഹത്തിലും ജന്‍മനാട്ടിലും ജനക്ഷേമ പരിപാടികള്‍ സമയബന്ധിതമായി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഫോമായെ 2026-’28 പ്രവര്‍ത്തന കാലഘട്ടത്തില്‍ നയിക്കാന്‍ ഫ്‌ളോറിഡയില്‍നിന്ന് മാത്യു വര്‍ഗീസ് എന്ന ജോസ് ഏവരെയും വിശ്വാസത്തിലെടുത്ത് ഗോദയിലിറങ്ങുകയാണ്. ഫോമാ എന്ന ബൃഹത്തായ ഒരു ഫെഡറേഷന്റെ പ്രസിഡന്റാവാനുള്ള മാത്യു വര്‍ഗീസിന്റെ യോഗ്യത, പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്റെ ബഹുമുഖവും സുതാര്യവുമായ സംഘടനാ പ്രവര്‍ത്തന പാരമ്പര്യം തന്നെയാണ്.

മികച്ച സംഘാടകന്‍, പരിണതപ്രജ്ഞനായ മാധ്യമ പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മാത്യു വര്‍ഗീസ് അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സൗമ്യസാന്നിധ്യമായാണ് തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ആരോഗ്യകരമായ ഒരു മല്‍സരത്തിന് ഒരുങ്ങുന്നത്. ഈ കൂടിയേറ്റ സമൂഹത്തില്‍ വ്യത്യസ്ത ചിന്താഗതിക്കാരായവരെയെല്ലം സഹകരിപ്പിച്ചുകൊണ്ടും ഏകോപിപ്പിച്ചുകൊണ്ടും ഫോമായുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടുന്നതിനായി നിലകൊള്ളാനാണ് ഐക്യത്തിന്റെ വകാതാവായി വിശേഷിപ്പിക്കപ്പെടുന്ന മാത്യു വര്‍ഗീസിന്റെ ആഗ്രഹം.

ഫോമായുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, വിവിധ റീജിയനുകള്‍, അംഗസംഘടനകള്‍, സര്‍വോപരി ഫോമാ കുടുംബാംഗങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മിലുള്ള വിട്ടുവീഴ്ചയില്ലാത്ത സ്‌നേഹവും ഐക്യവുമാണ് തന്റെ പ്രഥമ അജണ്ടയെന്ന് മാത്യു വര്‍ഗീസ് പറയുന്നു. മലയാള തനിമക്കും പാരമ്പര്യത്തിനും മുന്‍ തൂക്കം നല്‍കുന്നതോടൊപ്പം കര്‍മഭൂമിയിലും ജന്‍മനാട്ടിലും നടപ്പാക്കുന്ന ഫോമായുടെ സ്വപ്ന പദ്ധതികളുടെ പിന്തുടര്‍ച്ചയ്ക്ക് ഐക്യവും പരസ്പര ധാരണയും വിശ്വാസവും അനിവാര്യമാണെന്ന് മാത്യു വര്‍ഗീസ് വ്യക്തമാക്കി.

തിരുവല്ലയ്ക്ക് സമീപം വെണ്ണിക്കുളം സ്വദേശിയായ മാത്യു വര്‍ഗീസ് നാട്ടിലെ കേളേജ് വിദ്യാഭ്യാസത്തിനുശേഷം 1985-ലാണ് ന്യൂയോര്‍ക്കിയിലെത്തിയത്. തുടര്‍ന്ന് 1986-ല്‍ മെരിലാന്‍ഡിലെത്തി പഠനം തുടരുന്നതിനൊപ്പം കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ടണില്‍ സംഘടനാ പ്രവര്‍ത്തനത്തിന് ഹരീശ്രീ കുറിച്ചു. പിന്നീട് സംഘടനയുടെ ട്രഷററായി. 1991-ല്‍ ഫ്‌ളോറിഡയിലേയ്ക്ക് താമസം മാറിയ മാത്യുവര്‍ഗീസ് ഫാര്‍മസി ചെയിനില്‍ മാനേജരായി. പ്രസ്തുത മേഖലയില്‍ 15 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള മാത്യു വര്‍ഗീസ് തുടര്‍ന്ന് സ്വന്തം ബിസിനസിലേയ്ക്ക് ചുവടുമാറ്റി.

ഫ്‌ളോറിഡ തന്റെ തട്ടകമാക്കിയ മാത്യുവര്‍ഗീസ് ‘നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ’ രൂപീകരിക്കുന്നതില്‍ മുഖ്യകാര്‍മികത്വം വഹിക്കുകയും സംഘടനയുടെ പ്രസിഡന്റാവുകയും ചെയ്തു. ഈ സംഘടനയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ജനുവരി 14-ാം തീയതി ആലപ്പുഴ മണ്ണഞ്ചേരി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മഞ്ജിമയ്ക്ക് വീടുവച്ച് നല്‍കിയതിനു പിന്നില്‍ മാത്യു വര്‍ഗീസിന്റെ ശ്രമവും ഉണ്ട്. പ്ലസ് ടു പരീക്ഷയില്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടിയ നിര്‍ധനയായ മഞ്ജിമയും കുടുംബവും ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് താമസിച്ചിരുന്നത്.

അവിഭക്ത ഫൊക്കാനയുടെ 2004-2006 വര്‍ഷത്തെ ട്രഷററായി പ്രവര്‍ത്തിച്ച മാത്യു വര്‍ഗീസ് ഫോമായുടെ രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ്. അന്നുമുതല്‍ സംഘടനയ്‌ക്കൊപ്പമുള്ള ഇദ്ദേഹം 2014-ലെ മയമി കണ്‍വന്‍ഷന്റെ ചെയറായും ബെന്നി വാച്ചാച്ചിറ പ്രസിഡന്റായിരിക്കെ നടന്ന ചിക്കാഗോ കണ്‍വന്‍ഷന്റെ പി.ആര്‍.ഒ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാല്‍ നൂറ്റാണ്ടുമുമ്പ് ഏഷ്യാനെറ്റ് അമേരിക്കയില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഏഷ്യനെറ്റ് യു.എസ്.എയുടെ ഓപറേഷന്‍സ് മാനേജരായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ടാണ് മാത്യു വര്‍ഗീസ് ദൃശ്യ മാധ്യമരംഗത്തേയ്ക്കും പ്രവേശിച്ചത്. ഫ്‌ളോറിഡയില്‍ നിന്നുള്ള ‘മലയാളി മനസി’ന്റെ പത്രാധിപരായിരുന്നു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) പ്രസിഡന്റായിരിക്കെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഇദ്ദേഹം സംഘടിപ്പിച്ച പ്രഥമ സമ്മേളനമാണ് പില്‍കാലത്ത് നാട്ടിലും തരംഗമായിമാറിയ മാധ്യമ ശ്രീ, മാധ്യ രത്‌ന, മീഡിയാ എക്‌സലന്‍സ് പുരസ്‌കാര രാവുകള്‍ക്ക് വഴിമരുന്നിട്ടത്. ഐ.പി.സി.എന്‍.എയുടെ ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിന്റായി പലവട്ടം പ്രവര്‍ത്തിച്ചു. സാമൂഹിക സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സാമുദായിക രംഗത്തും മാത്യു വര്‍ഗീസ് കൈയൊപ്പു ചാര്‍ത്തിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭാ കൗണ്‍സില്‍ അംഗം, ഹോളിവുഡ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു.

ഏതൊരു സംഘടനയെ സംബന്ധിച്ചും അതിന് ജനകീയ മുഖം കൈവരണമെങ്കില്‍ നിശ്ചയദാര്‍ഢ്യവും ദീര്‍ഘവീക്ഷണവും കഠിനാധ്വാനവും അര്‍പണബോധവുമുള്ള നേതൃനിരയുണ്ടാവണം. ഫോമായെ വ്യത്യസ്തമായ ഒരു ദിശയിലേയ്ക്ക് നയിക്കുന്നതിനായായി അഭ്യുദയകാംക്ഷികളായ പലരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ ഫോമാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നതെന്ന് മാത്യു വര്‍ഗീസ് പറയുന്നു. അമേരിക്കയിലും കേരളത്തിലും ഫേമാ നടത്തേണ്ട പദ്ധതികളുടെ ക്രിത്യമായ പ്ലാന്‍ ഇദ്ദേഹത്തിന്റെ മനസിലുണ്ട്.

നേഴ്‌സ് മാനേജരായ ആശയാണ് ഭാര്യ. ഓക്ക്യുപ്പേഷന്‍ തെറാപ്പിയില്‍ ഡോക്ടറേറ്റ് നേടിയ നികിത, ഡെന്റിസ്റ്റായ നിതീഷ് എന്നിവര്‍ മക്കള്‍. മരുമകന്‍ അനീഷ് അറ്റോര്‍ണിയും മരുമകള്‍ സോണിയ വിദ്യാര്‍ത്ഥിനിയുമാണ്. മലിയ, ജൂലിയന്‍, ലിയാന എന്നിവരാണ് കൊച്ചുമക്കള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments