വാഷിങ്ടൺ: അന്താരാഷ്ട്ര പണമിടപാടുകൾക്ക് ഡോളറിനുപകരം മറ്റേതെങ്കിലും കറൻസി ഉപയോഗിക്കുന്നതിനെതിരെ ബ്രിക്സ് രാജ്യങ്ങൾക്കു വീണ്ടും മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റേതെങ്കിലും കറൻസി ഉപയോഗിച്ചാൽ 100 ശതമാനം ഇറക്കുമതിച്ചുങ്കം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ ഭീഷണി. സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്.
ഡോളറിന് പകരം മറ്റ് ഏതെങ്കിലും കറൻസി ഉപയോഗിക്കില്ലെന്ന ഉറപ്പ് ഈ രാജ്യങ്ങളിൽ നിന്ന് വേണം. മറിച്ചൊരു ശ്രമമുണ്ടായാല്‍ അമേരിക്കന്‍ വിപണിയോട് വിടപറയേണ്ടിവരും. ബ്രിക്‌സ് രാജ്യങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍നിന്ന് ഡോളറിനെ നീക്കാന്‍ സാധ്യതയില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്ക് അമേരിക്കയോട് ഗുഡ്‌ബൈ പറയാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യ, റഷ്യ, ചൈന, ബ്രസീൽ എന്നിവയുൾപ്പെടെ പത്തുരാജ്യങ്ങളുടെ സഖ്യമാണ് ബ്രിക്സ്. യു.എസ്. അംഗമല്ലാത്ത ഏക സുപ്രധാന അന്താരാഷ്ട്രസഖ്യമാണ് 2009-ൽ രൂപംകൊണ്ട ബ്രിക്സ്. ഡോളറിനു ബദലായി നിലവിലെ ഏതെങ്കിലും കറൻസിയെ ഉയർത്തിക്കൊണ്ടുവരികയോ ബ്രിക്സ് കറൻസി ഉണ്ടാക്കുകയോ ചെയ്യണമെന്ന് അംഗരാജ്യങ്ങളിൽ ചിലർ ഏതാനും വർഷങ്ങളായി ആവശ്യപ്പെടുന്നു. 2024 ഒക്ടോബറിൽ നടന്ന ഉച്ചകോടിയിൽ ഇതുസംബന്ധിച്ച ചർച്ചകളുമുണ്ടായിരുന്നു.
ചൈനയും റഷ്യയുമാണ് ഈ ആവശ്യത്തിന്റെ മുൻനിരയിൽ. ഇന്ത്യ ഇതുവരെ ഇവർക്കൊപ്പം കൂടിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, എത്യോപ്യ, യു.എ.ഇ., സൗദി അറേബ്യ എന്നിവയാണ് ബ്രിക്സിലെ മറ്റ് അംഗങ്ങൾ.