Wednesday, March 12, 2025

HomeAmericaഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത; ചരിത്രം കുറിച്ച് സുനിത വില്യംസ്

ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത; ചരിത്രം കുറിച്ച് സുനിത വില്യംസ്

spot_img
spot_img

ഹൂസ്റ്റണ്‍: ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിത എന്ന റെക്കോഡ് സ്വന്തമാക്കി സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തുള്ള 5 മണിക്കൂര്‍ 26 മിനിറ്റ് ബഹിരാകാശ നടത്തത്തിനിടയില്‍, വില്യംസ് തന്റെ ഒമ്പതാമത്തെ എക്‌സ്ട്രാ വെഹിക്കുലാര്‍ ആക്റ്റിവിറ്റി ലോഗിന്‍ ചെയ്യുകയും മൊത്തം 62 മണിക്കൂര്‍ 6 മിനിറ്റ് ബഹിരാകാശ നടത്തം എന്ന റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു.

ഒമ്പത് ബഹിരാകാശ നടത്തങ്ങളിലായാണ് ഇത്രയും സമയം സുനിത വില്യംസ് ചെലവഴിച്ചത്. 2017 ല്‍ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണ്‍ സ്ഥാപിച്ച 60 മണിക്കൂറും 21 മിനിറ്റും എന്ന റെക്കോഡ് മറികടന്നാണ് സുനിത വില്യംസിന്റെ നേട്ടം. അതിനിടെ സുനിത വില്യംസും സഹ ബഹിരാകാശയാത്രികനായ ബാരി വില്‍മോറും ബഹിരാകാശ നിലയത്തില്‍ നിന്ന് തകരാറുള്ള റേഡിയോ കമ്മ്യൂണിക്കേഷന്‍ യൂണിറ്റ് വിജയകരമായി നീക്കം ചെയ്യുകയും ചെയ്തു.

സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം ബഹിരാകാശത്തെ താമസം നീട്ടിയത് കൊണ്ടാണ് സുനിതയ്ക്ക് റെക്കോഡ് നേടാന്‍ സാധിച്ചത്. അതേസമയം സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെ തിരികെ കൊണ്ടുവരാന്‍ ശതകോടീശ്വരനായ എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാസ അറിയിച്ചു.

രണ്ട് അമേരിക്കന്‍ ബഹിരാകാശയാത്രികരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം സ്പേസ് എക്സ് ഉടന്‍ ആരംഭിക്കുമെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ”നാസയും സ്‌പേസ് എക്‌സും ഏജന്‍സിയുടെ സ്‌പേസ് എക്‌സ് ക്രൂ-9 ബഹിരാകാശയാത്രികരായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം പര്യവേഷണങ്ങള്‍ക്കിടയില്‍ കൈമാറ്റം പൂര്‍ത്തിയാക്കാന്‍ ക്രൂ-10 വിക്ഷേപണത്തിനും തയ്യാറെടുക്കുന്നു…” നാസ എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

വില്‍മോറും വില്യംസും 2024 ജൂണില്‍ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറില്‍ ആണ് ബഹിരാകാശത്ത് എത്തിയത്. ഭ്രമണപഥത്തിലെ ലബോറട്ടറിയില്‍ അവര്‍ക്ക് എട്ട് ദിവസം മാത്രമേ ചെലവഴിക്കേണ്ടിയിരുന്നുള്ളൂ. എന്നാല്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ഇത് നീണ്ടുപോയത്. അതേസമയം ഇന്ത്യക്കാരനായ ശുഭാന്‍ഷു ശുക്ലയുടെ ബഹിരാകാശ യാത്ര ഈ വര്‍ഷം ജൂണില്‍ നടക്കും.

രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകാനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരനാണ് ശുഭാന്‍ഷു ശുക്ല. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ശുഭാന്‍ഷുവിന്റെ യാത്ര. ശുഭാന്‍ഷുവിനെ കൂടാതെ പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് മറ്റ് ദൗത്യസംഘാംഗങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments