ന്യൂയോർക്ക്: ലെയ്സിന്റെ ക്ലാസിക് പൊട്ടറ്റോ ചിപ്സിനെ ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തി യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ചിപ്സിൽ അംഗീകാരമില്ലാത്ത പാൽ ചേരുവകൾ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിസംബറിൽ നോട്ടീസ് നൽകിയിരുന്നു. ഇതാണിപ്പോൾ ചിപ്സിന്റെ ഉപഭോഗം മരണത്തിനുവരെ കാരണമായേക്കാവുന്ന ക്ലാസ്-1 വിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത്.
13 ഔൺസിന്റെ 63,000 പാക്കറ്റുകളടങ്ങിയ ബാച്ചിലാണ് അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരമില്ലായ്മ കണ്ടെത്തി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചേരുവകൾ ജീവൻ വരെ അപകടത്തിലാക്കാവുന്ന അലർജി പ്രതിപ്രവർത്തനത്തിന് കാരണമാകുമെന്നാണ് കണ്ടെത്തൽ. സുരക്ഷാ മാനദണ്ഡം ലംഘിക്കപ്പെട്ട ലെയ്സ് പൊട്ടറ്റോ ചിപ്സ് പാക്കറ്റുകൾ വാഷിങ്ടണിലും ഒറിഗോണിലും വിതരണം ചെയ്തിട്ടുണ്ട്. റീകാൾ നോട്ടീസ് നൽകിയതിനു പിന്നാലെ ഈ ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് നീക്കം ചെയ്തു.
ലെയ്സ് ചിപ്സിൽ അടങ്ങിയിരിക്കുന്ന ഗുണനിലവാരമില്ലാത്ത പാൽ ചേരുവകൾ പലതരത്തിലുള്ള അലർജിക്കും ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾക്കും കരണമാകാമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻപറഞ്ഞു. ശ്വാസം മുട്ടൽ, ഛർദ്ദി, ശ്വാസതടസം, ചുണ്ട്, നാവ്, തൊണ്ട എന്നിവിടങ്ങളിൽ വീക്കം, ചൊറിച്ചിൽ എന്നീ പ്രാരംഭ ലക്ഷണങ്ങൾ പിന്നീട് ജീവൻ അപകടപ്പെടുത്തുന്ന രീതിയിലേക്ക് മാറാം.