യു.എന്‍: ലൈംഗിക അതിക്രമ കേസിനെ തുടര്‍ന്ന് ഇന്ത്യ വിട്ട് സ്വന്തമായി രാജ്യം സ്ഥാപിച്ച നിത്യാനന്ദയുടെ കൈലാസത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. നിത്യാനന്ദയെ ഇന്ത്യ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്നും സംരക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ’യുടെ പ്രതിനിധിയായാണ് മാ വിജയപ്രിയ നിത്യാനന്ദ എന്ന സ്ത്രീ പങ്കെടുത്തത്. ഇന്ത്യയില്‍ നിരവധി ആശ്രമങ്ങള്‍ നടത്തിയിരുന്ന നിത്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമവും പീഡനവും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാടുവിട്ടത്.
2019 നവംബറില്‍, ആശ്രമത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണങ്ങള്‍ ഗുജറാത്ത് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഒളിവില്‍ പോയത്. തുടര്‍ന്ന് കൈലാസം എന്ന രാജ്യം സ്ഥാപിച്ച് സ്വന്തമായി നാണയവും പാസ്‌പോര്‍ട്ടും പുറത്തിറക്കി. എന്നാല്‍, രാജ്യം ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. കൈലാസ രാജ്യത്തിന്റെ രാജാവായി നിത്യാനന്ദയെ പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി 22ന് ചേര്‍ന്ന 19-ാമത് യുണൈറ്റഡ് നേഷന്‍സ് കമ്മിറ്റി സുസ്ഥിര വികസന യോഗത്തിലാണ് മാ വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തത്. വിജയപ്രിയ ‘കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍’ ആണെന്നാണ് യുണൈറ്റഡ് നേഷന്‍സ് വെബ്സൈറ്റില്‍ പറയുന്നത്. ‘രാഷ്ട്ര’ത്തിന്റെ സ്ഥാപകനായ നിത്യാനന്ദയെ ഇന്ത്യ പീഡിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
ഹിന്ദുമതത്തിന്റെ പരമാധികാര രാഷ്ട്രമായാണ് കൈലാസത്തെ അവര്‍ വിശേഷിപ്പിച്ചത്. ഹിന്ദുമതാചാര്യനായ നിത്യാനന്ദ പരമശിവമാണ് രാജ്യം സ്ഥാപിച്ചത്. ഹിന്ദു നാഗരികതയെയും ഹിന്ദുമതത്തിന്റെ 10,000 പാരമ്ബര്യങ്ങളെയും പുനരുജ്ജീവിപ്പിക്കുന്നതാണെന്നും ഈ ഗോത്രങ്ങളുടെ നേതാവ് നിത്യാനന്ദയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൈലാസ 150 രാജ്യങ്ങളില്‍ എംബസികളും എന്‍ജിഒകളും സ്ഥാപിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.
2010-ല്‍ കര്‍ണാടക സെഷന്‍സ് കോടതി നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുന്‍ ഡ്രൈവര്‍ ലെനിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 2020ല്‍ നിത്യാനന്ദ രാജ്യം വിട്ടെന്ന് ചൂണ്ടിക്കാട്ടി ലെനിന്‍ ഹര്‍ജി നല്‍കിയതോടെ ജാമ്യം റദ്ദാക്കി.
2022 ഒക്ടോബറില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ദീപാവലി ആഘോഷത്തിന് നിത്യാനന്ദയുടെ അനുയായികളില്‍ ഒരാളായ നിത്യ ആത്മദയാനന്ദയെ ക്ഷണിച്ചത് വിവാദമായിരുന്നു. കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാനും ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗം റാമി റേഞ്ചറുമാണ് നിത്യയെ ക്ഷണിച്ചത്. ഇന്റര്‍പോള്‍ നിത്യാനന്ദക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചിരുന്നു.