നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ചെറുകിട കച്ചവടക്കാരനായ ഇന്ത്യൻ വംശജന് ന്യൂയോർക്കിൽ 76 ലക്ഷം രൂപ പിഴ ചുമത്തി. ഗുജറാത്ത് സ്വദേശിയായ സാദിക് ടോപിയ എന്ന 59 കാരന് ഏകദേശം 23 വർഷമായി പ്രവർത്തിക്കുന്ന ഒരു ന്യൂസ്പേപ്പർ കിയോസ് ന്യൂയോർക്കിൽ സ്വന്തമായി ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായിഉപഭോക്തൃ, തൊഴിലാളി സംരക്ഷണ വകുപ്പ് വിവിധ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് 92,000 ഡോളർ (76.47 ലക്ഷം രൂപ) പിഴ ചുമത്തുകയും അദ്ദേഹത്തിന്റെ കിയോസ്ക് അടച്ചുപൂട്ടുകയും ചെയ്യുകയായിരുന്നു. നവംബർ 7 നാണ് കിയോസ്ക് അടച്ചുപൂട്ടാനുള്ള നടപടി അധികൃതർ സ്വീകരിച്ചത്.
ഇതോടെ ഇപ്പോൾ വഴിയോര കച്ചവടക്കാരെ പോലെ തെരുവുകളിൽ നടന്ന് പേപ്പർ വിൽക്കുകയാണ് സാദിക്. സംഭവത്തിൽ തനിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. “കമ്മ്യൂണിറ്റിയെയും ചെറുകിട ബിസിനസുകളെയും സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്ക്കുന്നുവെന്ന് ന്യൂയോർക്കിലെ അധികൃതർ പറയുന്നു- പക്ഷേ അവർ എന്നെ നശിപ്പിക്കുകയാണ്” ചെയ്തതെന്ന് സാദിക് പറഞ്ഞു. സാധുതയില്ലാത്ത ലൈസൻസ് ഉപയോഗിച്ച് ഇ-സിഗരറ്റ് ഉൽപ്പന്നങ്ങൾ വിറ്റു, സാധാരണഗതിയിൽ അനുവദിച്ചിരിക്കുന്ന 10 ഡോളറിന് പകരം 30 ഡോളറിന് ഫോൺ ചാർജർ വിറ്റ് നഗര നിയമങ്ങൾ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ ഭീമമായ പിഴ അധികൃതർ ചുമത്തിയിരിക്കുന്നത്.
അതേസമയം ലൈസൻസ് കാലഹരണപ്പെട്ടതിനെ തുടർന്ന് ഇ-സിഗരറ്റ് വിറ്റു എന്ന് ആരോപിച്ച് 2021, ഡിസംബറിലും സാദിക്കിനെതിരെ 58,400 ഡോളർ പിഴ ചുമത്തിയതായി റിപ്പോർട്ടുണ്ട്. അന്ന് ലൈസൻസിൻ്റെ കാലാവധി കഴിഞ്ഞത് മുതൽ കഴിഞ്ഞവർഷം ജൂലൈ 12-ന് വാദം കേൾക്കുന്നത് വരെ 584 ദിവസങ്ങളിലേക്കുള്ള പിഴയാണ് ഇയാളിൽ നിന്ന് ഈടാക്കിയത്. എന്നാൽ വെറും 13 ദിവസത്തേക്ക് മാത്രമാണ് താൻ ലൈസൻസ് ഇല്ലാതെ സാധനങ്ങൾ വിറ്റുതെന്നും അദ്ദേഹം വാദിച്ചു. നിലവിൽ തന്റെ കിയോസ്ക് വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഈ 59 കാരൻ. നഗരത്തിന്റെ ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
“എനിക്ക് ഈ സ്ഥലം ഇഷ്ടമാണ്, ഞാൻ 23 വർഷമായി ഇവിടെയുണ്ട്, ഞാൻ കഠിനാധ്വാനം ചെയ്താണ് ജീവിക്കുന്നത്. അവർ പിഴ കുറയ്ക്കാൻ തയ്യാറായാൽ എനിക്ക് എൻ്റെ ലൈസൻസ് തിരികെ ലഭിക്കും” എന്നും സാദിക് പ്രതികരിച്ചു. ഇദ്ദേഹത്തിന് നഗരത്തിലെ മറ്റ് ആളുകളുടെ പിന്തുണയും ഈ വിഷയത്തിലുണ്ട്. ” വളരെ തണുത്ത ഈ കാലാവസ്ഥയിലും അദ്ദേഹം ഇവിടെ ജോലി ചെയ്യുന്നു. ഇത് മനുഷ്യത്വമില്ലായ്മയാണ്. വളരെ അന്യായമാണ്.” അദ്ദേഹത്തിന്റെ സ്ഥിരം ഉപഭോക്താവായ ആൻ മക്‌ഡൗഗൽ പറഞ്ഞു.
ഇതിനോടകം ഈ വിഷയം മേയർ എറിക് ആഡംസ് ഉൾപ്പെടെയുള്ള നഗര അധികാരികളുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ ചുമത്തിയ പിഴയെക്കുറിച്ച് പരിശോധിക്കുമെന്നും കിയോസ്ക് വീണ്ടും പ്രവർത്തിപ്പിക്കുന്നതിനുള്ള സഹായങ്ങൾ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ സാദിക്കിനെ പിന്തുണച്ചുകൊണ്ട് GoFundMe കാമ്പെയനും നഗരത്തിൽ ആരംഭിച്ചിരുന്നു. ഇതിലൂടെ ഇതുവരെ 2,400 ഡോളറിലധികം സമാഹരിക്കാനും സാധിച്ചു. സാദിക്കിനെ സഹായിക്കാനായി 67,450 ഡോളർ എന്ന ലക്ഷ്യത്തിലെത്താനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.