യുഎസിലെ അലബാമയിലുള്ള റേഡിയോ സ്റ്റേഷന്റെ 200 അടി ഉയരമുള്ള ടവര്‍ മോഷണം പോയതായി റിപ്പോര്‍ട്ട്. ഡബ്ല്യൂജെഎല്‍എക്‌സ് റേഡിയോ സ്റ്റേഷന്റെ ടവറും മറ്റ് ബ്രോഡ്കാസ്റ്റിംഗ് ഉപകരണങ്ങളുമാണ് മോഷണം പോയത്. വെള്ളിയാഴ്ച രാവിലെയോടെ ക്ലീനിംഗിനായി എത്തിയ ജീവനക്കാരാണ് റേഡിയോ സ്റ്റേഷന്റെ ടവര്‍ കാണാതായ വിവരം അധികൃതരെ അറിയിച്ചത്. എന്നാല്‍ പെട്ടെന്ന് ഇക്കാര്യം വിശ്വസിക്കാനായില്ലെന്ന് ഡബ്ല്യൂജെഎല്‍എക്‌സ് ജനറല്‍ മാനേജര്‍ ബ്രട്ട് എല്‍മോര്‍ പറഞ്ഞു. ’’ ടവര്‍ കാണാനില്ലെന്നോ? എന്താണ് നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ക്ക് സ്ഥലം മാറിപ്പോയിട്ടൊന്നുമില്ലല്ലോ?,’’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
അതേസമയം റേഡിയോ ടവര്‍ മാത്രമല്ല അതിനടുത്തുള്ള പ്രദേശത്തും മോഷണം നടന്നതായാണ് റിപ്പോര്‍ട്ട്. ടവറിന് സമീപത്തുള്ള കെട്ടിടത്തിലും മോഷണശ്രമം നടന്നിരുന്നു. കെട്ടിടത്തില്‍ സാരമായ കേടുപാടുകളും മോഷ്ടാക്കള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം ട്രാന്‍സ്മിറ്റര്‍ ഉള്‍പ്പടെ റേഡിയോ പ്രക്ഷേപണത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. റേഡിയോ സ്റ്റേഷന്‍ ആകെ താറുമാറായ അവസ്ഥയിലാണ് ഇപ്പോള്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ജാസ്പര്‍ മേയര്‍ ഡേവിഡ് ഒ മേരിയും രംഗത്തെത്തി. മോഷ്ടാക്കളെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാത്തത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റേഡിയോ സ്റ്റേഷന്‍ ഉടമയുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മോഷണത്തെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ’’ റേഡിയോ ബിസിനസിലേക്ക് എത്തിയിട്ട് ഏകദേശം 26 വര്‍ഷത്തോളമായി. എന്റെ ജീവിതത്തിലിന്നുവരെ ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല,’’ റേഡിയോ സ്റ്റേഷന്‍ ഉടമ പറഞ്ഞു. സംഭവത്തിന് പിന്നാലെ എഫ്എം വഴി റേഡിയോ പ്രക്ഷേപണം നടത്താനുള്ള താല്‍ക്കാലിക അധികാരം ആവശ്യപ്പെട്ട് ഡബ്ല്യൂജെഎല്‍എക്‌സ് ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യം കമ്മീഷന്‍ തള്ളുകയായിരുന്നു.
ഇതോടെ പ്രക്ഷേപണം നടത്താനാകാത്ത സ്ഥിതിയിലാണ് റേഡിയോ സ്റ്റേഷന്‍. ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്ത സ്ഥലത്താണ് മോഷണം നടന്നിരിക്കുന്നതെന്നും റേഡിയോ സ്റ്റേഷന്‍ ഉടമ ബ്രട്ട് എല്‍മോര്‍ പറഞ്ഞു. മരങ്ങള്‍ നിറഞ്ഞ പ്രദേശത്താണ് ടവര്‍ സ്ഥാപിച്ചിരുന്നതെന്നും എല്‍മോര്‍ പറഞ്ഞു. അതേസമയം സംഭവത്തെ അപലപിച്ച് അലബാമ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാരോണ്‍ ടിന്‍സ്ലിയും രംഗത്തെത്തി. എത്രയും വേഗം മോഷ്ടാക്കളെ കണ്ടെത്തണമെന്നും റേഡിയോ സ്റ്റേഷന്റെ ടവര്‍ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കപ്പെടണമെന്നും ഷാരോണ്‍ ടിന്‍സ്ലി പറഞ്ഞു. മോഷണത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ജാസ്പര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.