2023 ൽ അമേരിക്കൻ പൗരത്വം നേടിയത് 59,000ലധികം ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. അമേരിക്കൻ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് (USCIS) പുറത്തിവിട്ട കണക്കുകൾ അനുസരിച്ചാണ് ഈ റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം യുഎസ് പൗരത്വം നേടുന്ന വിദേശ രാജ്യക്കാരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തായി. ഇതിലൂടെ അമേരിക്കൻ ജനസംഖ്യയിൽ സുപ്രധാന പങ്ക് വഹിക്കുന്ന രാജ്യമായും ഇന്ത്യ മാറി.
മെക്സിക്കോ സ്വദേശികളാണ് കുടിയേറ്റക്കാരിൽ ഒന്നാം സ്ഥാനത്ത്.1.1 ലക്ഷം മെക്സിക്കൻ സ്വദേശികളാണ് യുഎസ് പൗരത്വം നേടിയത്. യുഎസ് പൗരത്വം നേടിയ ആകെ ആളുകളിൽ 12.7 ശതമാനത്തോളം വരുമിത്. ആകെ പൗരത്വം നേടിയവരിൽ 44,800 പേർ ഫിലിപ്പീൻസ് സ്വദേശികളും 35,200 പേർ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ളവരുമാണ്.
കഴിഞ്ഞ ഒരു ദശാബ്ദ കാലത്തിനുള്ളിൽ മാത്രം 7.7 മില്യൺ വിദേശ പൗരന്മാരാണ് യുഎസ് പൗരത്വം നേടിയത്. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ട് (INA) പ്രകാരം യുഎസ് പൗരത്വം നേടാൻ യു എസ് സി ഐ എസ് (USCIS) നിർദ്ദേശിക്കുന്ന ചില നിബന്ധനകൾ പാലിച്ചിരിക്കണം. കുറഞ്ഞത് അഞ്ച് വർഷമായെങ്കിലും അമേരിക്കയിൽ സ്ഥിര താമസക്കാരായിരിക്കണം എന്നതാണ് ഇതിലെ ഒരു നിബന്ധന. എന്നാൽ പൗരത്വത്തിനായുള്ള അപേക്ഷകരിൽ ചിലർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. യുഎസ് പൗരത്വമുള്ള ജീവിത പങ്കാളി ഉണ്ടാവുകയോ അല്ലെങ്കിൽ പട്ടാളത്തിൽ ജോലി ചെയ്യുകയോ ചെയ്തവർക്ക് ഇളവ് ലഭിക്കും.
കഴിഞ്ഞ വർഷം പൗരത്വം നേടിയവരിൽ ഏറെപ്പേരും അഞ്ച് വർഷത്തിലധികം സ്ഥിര താമസക്കാരായ വ്യക്തികളായിരുന്നുവെന്ന് ഇമിഗ്രേഷൻ സർവീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ കുറഞ്ഞത് മൂന്ന് വർഷമായി അമേരിക്കൻ പൗരനായ ഒരു ജീവിത പങ്കാളി ഉണ്ടായിരിക്കുകയും അക്കാലയളവിൽ അമേരിക്കയിൽ സ്ഥിര താമസമാക്കുകയും ചെയ്ത അപേക്ഷകർക്ക് പൗരത്വം നൽകിയിട്ടുള്ളതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.