യുഎസിൽ കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊല്ലം ഫാത്തിമാ മാതാ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്.
തണുപ്പ് അകറ്റാനായി ഉപയോഗിച്ച ഹീറ്ററിൽനിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം എന്നാൽ മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തിൽ വെടിയേറ്റ പാടുകളുള്ളതായാണ് റിപ്പോർട്ട്. മൃതദേഹങ്ങൾക്കു സമീപത്തുനിന്ന് പിസ്റ്റൾ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. അതേസമയം, രണ്ടു കുട്ടികളുടെ മരണത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
അമേരിക്കൻ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്.