ചെറിയാന്‍ മഠത്തിലേത്ത്
ഹൂസ്റ്റണ്‍: സൂപ്പര്‍ ബൗള്‍ 2024-ന്റെ ഹാങ്ഓവറിലാണെല്ലാവരും. രോമാഞ്ചജനകമായ മത്സരത്തിനൊടുവില്‍ സാന്‍ ഫ്രാന്‍സിസ്‌കോ 49ലൃെനെ എക്‌സ്ട്രാ ടൈമില്‍ കന്‍സാസ് സിറ്റി ചീഫ്‌സ് കീഴടക്കി. ചീഫ്‌സ് ആരാധകര്‍ അവരുടെ ടീമിന്റെ വിജയം ആഘോഷിച്ചപ്പോള്‍, 49ലൃ െപിന്തുണയ്ക്കുന്നവര്‍ക്കിടയിലെ അന്തരീക്ഷം തികച്ചും വ്യത്യസ്തമായിരുന്നു.
കളിയുടെ ഭൂരിഭാഗവും ലീഡ് ചെയ്തതിന് ശേഷമുള്ള അവരുടെ ദയനീയ തോല്‍വി ചില ആരാധകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടര്‍ന്ന്, 49ലൃ െആരാധകര്‍ തങ്ങളുടെ നിരാശ പുറത്തെടുക്കുന്നതായി കാണിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു. അത്തരത്തിലുള്ള ഒരു വീഡിയോയില്‍, 20,000 ഡോളര്‍ പന്തയം വെച്ചിരുന്ന ഒരു ആരാധകന്‍ തന്റെ ടി.വി സ്‌ക്രീന്‍ തല്ലിത്തകര്‍ക്കുന്നതു കാണാം.
കളി ചിലപ്പോള്‍ ഇങ്ങനെ കാര്യമായേക്കാം. എന്നാല്‍ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ രീതി ഇങ്ങനെയല്ല. വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പതിവുപോലെ ഗൗരവമേറിയ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി യോഗം ചേര്‍ന്നു.
കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഇത്തവണത്തെ പ്രതിമാസ യോഗത്തില്‍ ജോസഫ് തച്ചാറ അവതരിപ്പിച്ച ‘മെഹ്‌സിനയുടെ ഇരിപ്പിടം’ എന്ന കഥയാണ് ആദ്യം ചര്‍ച്ചയ്‌ക്കെടുത്തത്. വിശുദ്ധരും പ്രവാചകരും പുരാണ കഥാപാത്രങ്ങളും കേരളം സന്ദര്‍ശിക്കുന്നതും തങ്ങളുടെ വ്യക്തിത്വവും സവിശേഷതകളും സ്ഥാപിക്കുന്നതുമായ സ്വപ്നസദൃശമായ രചനയാണിത്. ബാല്യകാലത്ത് നമ്മെ വലിയതോതില്‍ സ്വാധീനിച്ച അമ്മൂമ്മക്കഥകളിലെ ഐതീഹ്യങ്ങളിലും പുരാവൃത്തങ്ങളിലും കെട്ടുകഥകളിലും ഇത്തരത്തിലുള്ള കഥാപാത്രങ്ങളുടെ നിറസാന്നിധ്യമുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇതുപോലൊരു അമാനുഷിക സ്ത്രീ കഥാപാത്രം നമ്മുടെ നാട് സന്ദര്‍ശിക്കുകയും അവരുടെ പേരില്‍ ഒരു ‘സമാധിപീഠം’ സ്ഥാപിച്ചതുമാണ് ‘മെഹ്‌സിനയുടെ ഇരിപ്പിടം’ എന്ന കഥയുടെ പ്രമേയം. കഥാകൃത്ത് തന്റെ യൗവനകാലത്ത് വനാന്തരത്തിലെ ഈ സമാധിപീഠത്തിലേയ്‌ക്കൊരു യാത്ര നയിക്കുന്നു.
ഇവിടെ ചരിത്ര സത്യങ്ങളും കെട്ടുകഥകളും വിശ്വാസങ്ങളും റൈറ്റേഴ്‌സ് ഫോറം അംഗങ്ങള്‍ ചര്‍ച്ചാവിഷയമാക്കി. ചരിത്രം ചരിത്രമായി നിലനില്‍ക്കണമെന്ന വാദം ഒരു വശത്ത്, മറുവശത്ത് ചരിത്രത്തിന്റെയൊപ്പം ഭാവനയും ചേര്‍ത്ത് കഥാപാത്രങ്ങളെ സൃഷ്ടിക്കാമെന്നും, തീവ്രമായ വിശ്വാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സത്യത്തിന് അത്രകണ്ട് വില കല്പിക്കേണ്ടതില്ലെന്നും മറ്റൊരു വാദഗതിയുമുണ്ടായി. അതുപോലെ കഥയില്‍ ചോദ്യമുണ്ടോ, കാലവുമായി ബന്ധപ്പെടുത്തണോ എന്നു തുടങ്ങിയ ചിന്തകളും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നുവന്നു.
തുടര്‍ന്ന് സാഹിത്യ ചര്‍ച്ച വാണിജ്യത്തിലേയ്ക്കും ക്രയവിക്രയത്തിലേയ്ക്കും വഴിമാറി. ഓഹരിവിപണിയെക്കുറിച്ചായിരുന്നു അടുത്ത ചര്‍ച്ച. വളരെ വേഗത്തില്‍ പരമാവധി പണം സമ്പാദിച്ചു കൂട്ടുന്നതിനെപ്പറ്റിയാണ് മനുഷ്യര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് റൈറ്റേഴ്‌സ് ഫോറം പ്രസ്തുത വിഷയം തിരഞ്ഞെടുത്തത്. പ്രമുഖ സാഹിത്യകാരനായ കെ.എല്‍ മോഹനവര്‍മയുടെ മാസ്റ്റര്‍പീസ് മലയാളം നോവലായ ‘ഓഹരി’യെപ്പറ്റി സാന്ദര്‍ഭികമായി പലരും സംസാരിച്ചു.
ഉറ്റ സ്‌നേഹിതരും ബന്ധുക്കളും പോലും ശത്രുവാണ് ഓഹരി വിപണിയില്‍. ധൈര്യത്തോടെ, മറച്ചുവയ്ക്കാതെ ഇവിടെ നമ്മള്‍ പരാജയത്തെ നേരിടണം. എല്ലാ കളികളും തോല്‍ക്കുകയില്ല, എല്ലാം വിജയിക്കുകയുമില്ല. വ്യക്തികളും ബുദ്ധിശക്തിയുമാണ് അന്യോന്യം ഈ പ്ലാറ്റ്‌ഫോമില്‍ മാറ്റുരയ്‌ക്കേണ്ടത്. ആണും പെണ്ണും അല്ല പ്രശ്‌നം. അങ്ങനെ ഓഹരി വിപണിയുടെ ഉള്ളുകള്ളികള്‍ അനാവരണം ചെയ്തുകൊണ്ട് മലയാളത്തില്‍ എഴുതപ്പെട്ട പ്രഥമ നോവലാണ് ‘ഓഹരി’.
ഒരുകാലത്ത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന ഓഹരി വിപണി ഇന്ന് ആര്‍ക്കും ഒന്ന് എത്തി നോക്കിവുന്നിടം വരെയായി. ലോകസാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന ഓഹരി വിപണിയുടെ സാധ്യതകള്‍ വളരെയേറെയാണ്. അതുപോലെ അതിനോടു ചേര്‍ന്ന സാമ്പത്തിക ദുരന്തങ്ങളും. പുതിയതായി മാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്കും പ്രയോജനം ചെയ്യുന്നതാണിതെന്നായിരുന്നു അനുഭവ സമ്പന്നരുടെ വെളിപ്പെടുത്തലുകള്‍. വെള്ളത്തിലിറങ്ങാതെ ആരും നീന്തല്‍ പഠിക്കുകയില്ല. അതുപോലെ മാര്‍ക്കറ്റില്‍ ഇടപെടാതെ, ചിലപ്പോള്‍ കൈ പൊള്ളാതെ ആരും നേട്ടമുണ്ടാക്കുകയുമില്ല.
ചരിത്ര പാരമ്പര്യമുള്ള സ്ഥാപനങ്ങളും ചര്‍ച്ചാവിഷയമായി. അതുപോലെ വളര്‍ന്നു വരുന്ന കമ്പനികളുടെ സാധ്യതകളും. മുന്നറിയിപ്പില്ലാതെ പൊട്ടിപ്പുറപ്പെടുന്ന യുദ്ധങ്ങള്‍, രാഷ്ട്രങ്ങള്‍ തമ്മിലുള്ള വിവാദങ്ങള്‍, അന്താരാഷ്ട്ര കച്ചവടത്തില്‍ ഏര്‍പ്പെടുത്തുന്ന ടാക്‌സുകള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ ഓഹരി വിപണിയെ സ്വാധീനിക്കുന്നു. അപായ സൂചനകള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് സുരക്ഷിത മേഖലകളിലേക്ക് മാറുന്നതായിരിക്കണം ഓഹരി കച്ചവടത്തിലെ തന്ത്രം.
ഇതിനുള്ള പാഠങ്ങളെല്ലാം തന്നെ ഇന്ന് നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്. വിശദമായ പഠനത്തിനുള്ള വഴികള്‍, ചാര്‍ട്ടുകള്‍, വിദഗ്‌ധോപദേശങ്ങള്‍ ഇതിനെല്ലാം പുറമെ കമ്മീഷന്‍ ഈടാക്കാതെയുള്ള ട്രേഡ് അവസരങ്ങളും. ഗൗരവമായി ഓഹരി വിപണിക്ക് ആഗ്രഹിക്കുന്നവര്‍ അതിനോടു ചേര്‍ന്ന ‘ജാര്‍ഗണ്‍’ വാക്കുകളും സൂചിക അക്ഷരങ്ങളും വശത്താക്കേണ്ടതായുണ്ട്.
അടുത്ത മീറ്റിംഗിലും ഇപ്പോള്‍ പൂര്‍ത്തിയാകാത്ത ഈ പഠനവും ചര്‍ച്ചയും തുടരുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു അറിയിച്ചു. അദ്ദേഹമാണ് സാഹിത്യ ചര്‍ച്ച മോഡറേറ്റ് ചെയ്തത്. ചെറിയാന്‍ മഠത്തിലേത്ത്, മാത്യു നെല്ലിക്കുന്ന്, ഡോ. ജോസഫ് പൊന്നോലി, ഡോ. സണ്ണി എഴുമറ്റൂര്‍, ഡോ. മാത്യു വൈരമണ്‍, ജോസഫ് തച്ചാറ, എ.സി ജോര്‍ജ്, മോട്ടി മാത്യു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയും സെക്രട്ടറി മോട്ടി മാത്യു സ്വാഗതമാശംസിക്കുകയും ചെയ്തു. പബ്‌ളീഷിങ് കോര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് റൈറ്റേഴ്‌സ് ഫോറത്തിന്റെ 21-ാം സമാഹാരത്തിന്റെ പുരോഗതി അറിയിച്ചു. നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.