ന്യൂഡല്‍ഹി: ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി രണ്ടു ദിവസം മുന്‍പ് ആഗ്രയില്‍ ഫത്തേപുര്‍ സിക്രി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ സഹായിക്കാനായി എത്തിയത് ലൈസന്‍സ് ഇല്ലാത്ത ഗൈഡ് ആയിരുന്നുവെന്നു റിപ്പോര്‍ട്ട്. സ്ഥലവാസിയായ ശദാബ് എന്നയാള്‍ അംബാസഡറെയും കുടുംബത്തെയും കൂട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് സെക്യൂരിറ്റി വിഭാഗത്തിന് ഇക്കാര്യം വ്യക്തമായത്.
അംബാസഡര്‍ക്കും കുടുംബത്തിനും ഒപ്പം പോലീസ് ഉണ്ടായിരുന്നുവെങ്കിലും അവരും ശദാബ് വ്യാജനാണെന്നു തിരിച്ചറിഞ്ഞില്ല.
ഫത്തേപ്പൂര്‍ സിക്രിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ട് ആര്‍ക്കിടെക്റ്റ് രാജ്കുമാര്‍ പട്ടേല്‍ പറഞ്ഞു: ‘സ്മാരകത്തിനു ചുറ്റും ഒരു വി വി ഐപിയെ ലൈസന്‍സ് ഇല്ലാത്ത ഗൈഡ് കൊണ്ടു നടന്നതായി വിവരം കിട്ടി. ‘ഇത്തരം അനധികൃതരെ കൈകാര്യം ചെയ്യേണ്ടത് പൊലീസാണ്. വി വി ഐ പി സുരക്ഷ അവരുടെ ചുമതലയാണ്. ഞങ്ങള്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.’
പതിനാറാം നൂറ്റാണ്ടില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്തു 10 വര്‍ഷത്തോളം മുഗള്‍ തലസ്ഥാനമായിരുന്ന ഫത്തേപ്പൂര്‍ സിക്രി (വിജയ നഗരം) എന്ന ചരിത്ര സ്മാരകം താജ് മഹലിന്റെ നാട്ടില്‍ നിന്നു 35 കിലോമീറ്ററോളം അകലെയാണ്. താജിലായാലും കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള മറ്റു സ്ഥലങ്ങളിലായാലും ലൈസന്‍സ് ഇല്ലാത്ത ഗൈഡുകള്‍ക്കു പ്രവേശനമില്ല. ടൂറിസം പൊലീസിന് ലൈസന്‍സ് ഉള്ളവരുടെ ലിസ്റ്റുണ്ട്. പക്ഷെ അതില്‍ പെടാത്ത നിരവധി പേര്‍ അവിടെ പ്രവര്‍ത്തിക്കുന്നുമുണ്ട്.