‘കൊതിപ്പിച്ചിട്ടു കടന്നു കളയുക’ എന്ന സിനിമാ ഡയലോഗ് പോലെയാണ് താനെടുത്ത ഒരു ലോട്ടറിയെപ്പറ്റി വാഷിങ്ടൺ സ്വദേശിയായ ജോൺ ചീക്സ് പറയുന്നത്. 340 മില്യൻ ഡോളറിന്റെ (ഏകദേശം 2800 കോടി) ലോട്ടറിയാണ് ഇയാൾ അമേരിക്കൻ ലോട്ടറിയായ പവർബോൾ ലോട്ടറിയിൽ നിന്നും എടുത്തത് (Powerball lottery). വെബ്സൈറ്റ് നോക്കിയപ്പോൾ തന്റെ നമ്പറിന് ലോട്ടറി അടിച്ചെന്ന് കാണുകയും ചെയ്തു. എന്നാൽ ഇത് വെബ്സൈറ്റ് എറർ ആണെന്നും ജോൺ ചീക്സിന് ലോട്ടറി അടിച്ചിട്ടില്ല എന്നുമാണ് പവർബോൾ ലോട്ടറി പ്രതികരിച്ചത് ഇതിനെതിരെ ചീക്സ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.
2023 ജനുവരി 6 നാണ് ജോൺ ചീക്സ് പവർബോൾ ലോട്ടറി എടുത്തത്. രണ്ടു ദിവസത്തിനു ശേഷം വൈബ്സൈറ്റ് പരിശോധിച്ചപ്പോൾ തന്റെ നമ്പറാണ് ലോട്ടറിയടിച്ച ലിസ്റ്റിൽ കണ്ടതെന്നും ജോൺ പറയുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ടിക്കറ്റിനല്ല ലോട്ടറി അടിച്ചതെന്നും സമ്മാനം നൽകാൻ സാധിക്കില്ലെന്നും ലോട്ടറി അഡ്മിനിസ്ട്രേറ്റർമാർ പറയുന്നു.
‘‘ഈ ടിക്കറ്റ് കൊണ്ട് ഇനി ഒരു പ്രയോജനവും ഇല്ല. ഇത് ചവറ്റുകൊട്ടയിൽ ഇട്ടേക്കൂ’’, എന്നാണ് പവർബോൾ ലോട്ടറിയിലെ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതെന്ന് ജോൺ ചീക്സ് പറയുന്നു. എന്നാൽ, ലോട്ടറി വലിച്ചെറിയുന്നതിനു പകരം, ജോൺ ചീക്സ് അത് ഭദ്രമായി സൂക്ഷിച്ചു വെച്ചു. പവർബോളിനെതിരെ കേസെടുക്കാൻ നിയമസഹായം തേടി അദ്ദേഹം കോടതിയെ സമീപിക്കുകയും ചെയ്തു. കേസിൽ ഇതുവരെ അന്തിമ വിധി വന്നിട്ടില്ല.
വാഷിംഗ്ടൺ ഡിസി, പ്യൂർട്ടോ റിക്കോ, യുഎസ് വിർജിൻ ഐലൻഡ്സ് തുടങ്ങി 45 ഓളം അമേരിക്കൻ സംസ്ഥാനങ്ങളിൽ പവർബോൾ ലോട്ടറി പ്രചാരത്തിലുണ്ട്.