ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്തംഭിപ്പിക്കുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളായ ട്രക്ക് ഡ്രൈവര്‍മാര്‍. ട്രംപിനെ സാമ്പത്തിക തട്ടിപ്പു കേസില്‍ 355 മില്യണ്‍ ഡോളര്‍ ശിക്ഷിച്ചതില്‍ പ്രതിഷേധിച്ചാണ് ട്രംപിന്റെ അനുയായികളായ ട്രക്ക് ഡ്രൈവര്‍മാര്‍ ന്യൂ യോര്‍ക്ക് സ്തംഭിപ്പിക്കുമെന്നു താക്കീതു നല്‍കി രംഗത്തെത്തിയത്. . നഗരത്തിലേക്കുളള ഡെലിവറികള്‍ നിര്‍ത്തി വയ്ക്കാനാണ് അവരുടെ നീക്കം.
‘ന്യൂ യോര്‍ക്ക് സിറ്റി സ്തംഭിക്കും,’ ജെനിഫര്‍ ഹെര്‍ണാണ്ടസ് എന്ന ട്രക്ക് ഉടമ ന്യൂസ് നേഷനോടു പറഞ്ഞു. ‘ന്യൂ യോര്‍ക്കിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല ശ്രമിക്കുന്നത്. പക്ഷെ 10ശതമാനം ട്രക്കുകള്‍ കുറഞ്ഞാല്‍ അവിടെ വിലകള്‍ കുതിച്ചുയരും. പാലും മുട്ടയും മുതല്‍ മനുഷ്യനു വേണ്ട എല്ലാറ്റിനും.’ സമരം മൂന്നു വര്ഷം വരെ നീളാമെന്നു മറ്റൊരാള്‍ ടിക് ടോക്കില്‍ പറഞ്ഞു.
ഷിക്കാഗോ റേ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറാണ് ഈ ബഹിഷ്‌കരണ നീക്കം തുടങ്ങി വച്ചത്. അയാള്‍ പക്ഷെ പിന്നീട് എക്സില്‍ നിന്നു തന്റെ വീഡിയോ പിന്‍വലിച്ചു.
ഇത്രയധികം രാജ്യസ്‌നേഹികള്‍ തന്നെ പിന്തുണയ്ക്കുന്നു എന്നത് ഏറ്റവും സന്തോഷമാണെന്നു ട്രംപ് പറഞ്ഞു.