യുക്രെനു നേര്‍ക്കുള്ള റഷ്യയുടെ ആക്രമണം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ അതിശക്തമായ ഉപരോധവുമായി അമേരിക്ക. കൂടുതല്‍ ഉപരോധ നീക്കം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിടര്‍ പുട്ടിന്റെ യുദ്ധക്കൊതിക്കു കടിഞ്ഞാണിടാനാകുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.
റഷ്യയുടെ സമ്പദ് വ്യവസ്ഥയെയും സൈനിക-വ്യവസായ മേഖലയെയും തളയ്ക്കാന്‍ ലക്ഷ്യമിടുന്ന കനത്ത ഉപരോധം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
അഞ്ഞൂറോളം വ്യക്തികളെയും സ്ഥാപനങ്ങളെയും ഉപരോധം ഉന്നം വച്ചിട്ടുണ്ട്.
യുക്രൈനു സഹായം എത്തിക്കാനുളള ശ്രമങ്ങള്‍ യുഎസ് കോണ്‍ഗ്രസില്‍ വഴിമുട്ടി നില്‍ക്കുന്നതില്‍ ബൈഡനു രോഷമുണ്ട്. റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി ഒരാഴ്ച മുന്‍പ് റഷ്യന്‍ ജയിലില്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം പുട്ടിന്റെ മേല്‍ ബൈഡന്‍ ആരോപിക്കയും ചെയ്തിരുന്നു. നവാല്‍നിയുടെ മരണത്തിനു ഉത്തരവാദികളായ മൂന്ന് റഷ്യന്‍ ഉദ്യോഗസ്ഥരും പുതിയ ഉപരോധങ്ങള്‍ക്കു ഇരയായവരില്‍ ഉള്‍പ്പെടുന്നു.
കോണ്‍ഗ്രസ് നടപടി വൈകുന്നതിനാല്‍ യുക്രെനു പണം അയക്കാന്‍ കഴിയില്ലെങ്കിലും ഉപരോധം മൂലം റഷ്യക്കു പുതിയ ആയുധങ്ങള്‍ സമാഹരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. നിര്‍ണായക നേരത്തു യുക്രൈനു പണം നല്‍കാന്‍ വൈകരുതെന്നു ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ ബൈഡന്‍ കോണ്‍ഗ്രസിനോടു പറഞ്ഞു.