മൊഗാദിശു: സോമാലിയയുടെ അർധ സ്വയംഭരണ മേഖലയായ പുന്റ്ലാൻഡിൽ യു.എസ് നടത്തിയ വ്യോക്രമണത്തിൽ പ്രധാന ഐ.എസ് നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെ തുടർന്നായിരുന്നു ആക്രമണം. രാത്രിയായതിനാൽ എത്രപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന കാര്യം വ്യക്തമല്ലെന്ന് പുന്റ്ലാൻഡ് ഇൻഫർമേഷൻ മന്ത്രി മുഹമ്മദ് ഐദിദ് ദിരിർ പറഞ്ഞു.
സോമാലിയയുടെ വടക്കൻ മേഖലയിലാണ് പുന്റ്ലാൻഡ്. ഇവിടത്തെ ഗോലിസ് പർവതനിരകളിൽ ഐ.എസിന് ശക്തമായ സാന്നിധ്യമുണ്ടെന്നാണ് സൂചന. പുന്റ്ലാൻഡ് സുരക്ഷ സേന കഴിഞ്ഞ ഡിസംബർ മുതൽ ഐ.എസിനെതിരെ നീക്കം നടത്തുന്നുണ്ട്.
യു.എസിനും സഖ്യകക്ഷികൾക്കും ഭീഷണിയായിരുന്നവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ പറഞ്ഞു. സാധാരണക്കാരെ ഉപദ്രവിക്കാതെ നിരവധി ഭീകരരെ കൊല്ലുകയും അവർ ഒളിച്ചിരുന്ന ഗുഹകൾ തകർക്കുകയും ചെയ്തതായും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ഭീകരതക്കെതിരായ പോരാട്ടത്തിന് അചഞ്ചലമായ പിന്തുണ നൽകിയ ട്രംപിന് സോമാലിയൻ പ്രസിഡന്റ് ഹസൻ ശൈഖ് മുഹമ്മദ് നന്ദി പറഞ്ഞു.