വാഷിങ്‌ടൺ: യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്‌എയ്‌ഡ്) ജീവനക്കാർക്ക് ഏജൻസിയുടെ വാഷിംഗ്ടൺ ആസ്ഥാനത്ത് നിന്ന് പുറത്തുപോകാൻ നിർദ്ദേശം. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏജൻസി അടച്ചുപൂട്ടാൻ സമ്മതിച്ചതായി ഇലോൺ മസ്‌ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ മാറ്റം. ഒറ്റരാത്രികൊണ്ട് ഏജൻസിയുടെ കമ്പ്യൂട്ടർ ശൃംഖലയിലേക്ക് പ്രവേശിക്കാനാവുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
“യുഎസ്‌എയ്‌ഡിന്റെ പ്രവർത്തനങ്ങൾ അറ്റകുറ്റപ്പണികൾക്ക് അതീതമാണ്. ഞങ്ങൾ അത് അടച്ചുപൂട്ടുകയാണ്” എന്നായിരുന്നു സംഭവത്തിൽ മസ്‌കിന്റെ പ്രതികരണം.
യുദ്ധത്തിന്റെ ഭീകരതയിൽ നിന്നും ദുരന്തങ്ങളിൽ നിന്നും കരകയറുന്ന, ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന, ജനാധിപത്യ പരിഷ്കാരങ്ങളിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് സഹായം നൽകിപോരുന്ന സംഘടനയാണ് യുഎസ്എഐഡി. 100-ലധികം രാജ്യങ്ങളിലാണ് യുഎസ്‌എയ്‌ഡ് മാനുഷിക, വികസന, സുരക്ഷാ സഹായങ്ങൾക്കായി കോടിക്കണക്കിന് ഡോളർ നൽകുന്നത്.
സെനറ്റർ എലിസബത്ത് വാറൻ ട്രംപ് ഭരണകൂടത്തിന്റെ നടപടികളെ അപലപിച്ചു. യുഎസ്‌എയ്‌ഡ് എന്നന്നേക്കുമായി അടച്ചുപൂട്ടുകയാണെങ്കിൽ, അത് ലോകമെമ്പാടും ഗുരുതരമായ മാനുഷിക പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് എയ്ഡ് സംഘടനകൾ മുന്നറിയിപ്പ് നൽകി. സാമ്പത്തിക വികസനം, ദുരന്ത നിവാരണം, സുരക്ഷാ പിന്തുണ എന്നിവയ്ക്കായി സഹായം ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് കാര്യമായ തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം എന്നും സംഘടനകൾ പറഞ്ഞു.
വിദേശരാജ്യങ്ങൾക്ക് സൈനികേതര സഹായം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ഔദ്യോഗിക സംഘടനയാണ് യുഎസ്‌എയ്‌ഡ്. എന്നാൽ ജൈവായുധങ്ങൾ വികസിപ്പിക്കാനും തീവ്രവാദം വളർത്താനുമാണ് യുഎസ്‌എയ്‌ഡ് ഫണ്ട് ചെലവഴിക്കുന്നതെന്നാണ് മസ്‌കിന്റെ ആരോപണം. യുഎസ്‌എയ്‌ഡിന്റെ പ്രവർത്തനങ്ങളെ നിർത്തലാക്കുന്നതിന്റെ ഭാഗമായി ട്രംപ് ചില നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയിരുന്നു. എച്ച്ഐവി, മലേറിയ, ക്ഷയം എന്നീ രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെയും നവജാത ശിശുക്കൾക്കുള്ള മെഡിക്കൽ സപ്ലൈകളുടെയും വിതരണം നിർത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു. യുഎസ്‌എയ്‌ഡുമായി ചേർന്നു പ്രവർത്തിക്കുന്ന കരാറുകാർക്ക് ജോലി ഉടനടി നിർത്താൻ മെമ്മോകൾ ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു.