Tuesday, February 4, 2025

HomeAmericaമാത്യു വർഗീസ് (ജോസ് -ഫ്‌ളോറിഡ) ഫോമ പ്രസിഡന്റായി മത്സരിക്കുന്നു

മാത്യു വർഗീസ് (ജോസ് -ഫ്‌ളോറിഡ) ഫോമ പ്രസിഡന്റായി മത്സരിക്കുന്നു

spot_img
spot_img

പതിറ്റാണ്ടുകളായി സംഘടനയിലും സമൂഹത്തിലും മാധ്യമരംഗത്തും നിറസാന്നിധ്യമായി നിലകൊള്ളുന്ന അമേരിക്കൻ മലയാളികളുടെ പ്രിയ സുഹൃത്ത് മാത്യു വർഗീസ് (ജോസ് -ഫ്‌ളോറിഡ) ഫോമ പ്രസിഡന്റായി മത്സരിക്കുന്നു.

ഐക്യത്തിന്റെ വക്താവായ മാത്യു വർഗീസ് ഫോമായുടെ തുടക്കക്കാരിൽ പ്രധാനിയാണ്. 2004 ൽ അവിഭക്ത ഫൊക്കാനയിൽ ട്രഷററായി മത്സരിച്ചു വിജയിച്ച അദ്ദേഹം 2006 -ൽ ഒർലാണ്ടോ കണ്വൻഷനോടെ ഫോമാ രൂപം കൊണ്ടപ്പോൾ അതിന്റെ ശക്തനായ വക്താക്കളിൽ ഒരാളായി. വർഷങ്ങളിലൂടെ ഫോമാ കൈവരിച്ച നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും സംഘടന ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എല്ലാ രംഗത്തുമുള്ള ഐക്യമാണ് പ്രധാനം. ഭാരവാഹികൾ തമ്മിൽ തമ്മിലും അംഗസംഘടനകളുമായും ഊഷ്മളമായ ബന്ധം നിലനിന്നാൽ മാത്രമേ സംഘടനക്ക് നേട്ടങ്ങളിലേക്ക് മുന്നേറാനാവൂ. ഐക്യം നിലനിന്നില്ലെങ്കിൽ വലിയ പ്രോജക്ടുകൾ ഏറ്റെടുക്കാൻ സംഘടനക്ക് കഴിയാതെ വരും.

ചാരിറ്റി രംഗത്ത് ഫോമാ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷമുണ്ട്. എന്നാൽ നാട്ടിൽ ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിക്കാതെ പലയിടത്തായി അർഹരായവരെ കണ്ടെത്തി സഹായങ്ങളെത്തിക്കുന്നതായിരിക്കും അഭികാമ്യം. താൻ കൂടി അംഗമായ നവകേരള അസോസിയേഷൻ ആലപ്പുഴയിൽ വീടില്ലാത്ത ഒരു വ്ദ്യാര്ഥിനിക്ക് ഈയിടെ വീട് നിർമ്മിച്ച് നൽകിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. എസ്.എസ്.എൽ.സിക്ക് ഉയർന്ന മാർക്ക് വാങ്ങിയ ആ കുട്ടി നനഞ്ഞൊലിക്കുന്ന വീട്ടിലായിരുന്നു താമസം.

ഇപ്പോൾ നാട്ടിലെന്ന പോലെ ഇവിടെയും പ്രശ്നങ്ങൾ ധാരാളമാണ്. സഹായവും പിന്തുണയും കരുതലും കൗൺസലിംഗും വേണ്ടവർ തുടങ്ങി സംഘടനയുടെ കൈതാങ്ങ് അർഹിക്കുന്നവർ വർദ്ധിച്ചു വരുന്നു. അവരെ കണ്ടില്ലെന്നു നടിക്കാനാവില്ല. അതിനാൽ അവർക്ക് കൂടി പ്രയോജനമാകുന്ന പ്രവർത്തനങ്ങളിലാണ് സംഘടന ഇനി ശ്രദ്ധിക്കേണ്ടത്.

പ്രവർത്തനത്തിലും കണക്കിലുമൊക്കെ സുതാര്യതയും അക്കൗണ്ടബിലിറ്റിയും അതുപോലെ തന്നെ പ്രധാനമാണ്-മാത്യു വർഗീസ് ചൂണ്ടിക്കാട്ടുന്നു.

നിരവധി പേരുടെ അഭ്യര്ഥനയെത്തുടർന്നാണ് മത്സരരംഗത്തിറങ്ങാൻ തീരുമാനിച്ചത്. തന്നോടൊപ്പം ഒരു മികച്ച ടീം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. പ്രവർത്തിക്കാൻ സമയവും താല്പര്യവും ഉള്ളവരെയാണ് ലക്ഷ്യമിടുന്നത്. അല്ലാത്തവരെക്കൊണ്ട് കാര്യമില്ല. വിവിധ സംഘടനകളുടെ പിന്തുണ ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.

വെണ്ണിക്കുളം സ്വദേശിയായ മാത്യു വർഗീസ് പ്രീഡിഗ്രി കഴിഞ്ഞ് എത്തുന്നത് ന്യു യോർക്കിലാണ്-1985 ൽ. പിറ്റേ വര്ഷം മെരിലാൻഡിലേക്കു പോയി പഠനം തുടർന്നു. അവിടെ കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടന്റെ (കെ.എ.ജി.ഡബ്ലിയു.) പ്രവർത്തകനും ട്രഷററുമായി. അങ്ങനെയാണ് സംഘടനാ രംഗത്തു എത്തുന്നത്. 1991 ൽ ഫാർമസി ചെയിനിൽ മാനേജരായി ഫ്ളോറിഡയിലേക്കു മാറ്റം. പിന്നീട് ഫ്ലോറിഡ പ്രവർത്തനമേഖലയായി. ഒന്നര പതിറ്റാണ്ടിലേറെ ഫാർമസി രംഗത്തെ പ്രവർത്തനത്തിന് ശേഷം സ്വന്തം ബിസിനസിലേക്ക് തിരിഞ്ഞു.

ഇതിനിടയിൽ നവകേരള അസോസിയേഷൻ സ്ഥാപിക്കുന്നതിൽ മുന്നിൽ നിന്നു. പിന്നീടതിന്റെ പ്രസിഡണ്ടായി. ഫൊക്കാനയിലും സജീവമായി. വാശിയേറിയ മത്സരത്തിലാണ് 2004 ൽ നാഷണൽ ട്രഷററാകുന്നത്. ഫോമാ രൂപീകരണത്തിലും അതിനു ശേഷം സംഘടനയെ വളർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കു വഹിക്കാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാർഥ്യമുണ്ട്.

2014 -ൽ ഫോമായുടെ മയാമി കൺവൻഷൻ ചെയർ ആയിരുന്നു. ബെന്നി വാച്ചാച്ചിറ പ്രസിഡന്റായിരിക്കെ പി. ആർ. ഓ. ആയും പ്രവർത്തിച്ചു.

രണ്ടായിരത്തിന്റെ തുടക്കത്തോടെ ഏഷ്യാനെറ്റ് ഇവിടെ പ്രവർത്തനം വ്യാപിപ്പിച്ചപ്പോൾ ഏഷ്യാനെറ്റ് യു.എസ്.എ.യുടെ ഓപ്പറേഷൻസ് മാനേജരായി. അമേരിക്കയിലെ മാധ്യമരംഗത്ത് സുപ്രധാനമായ ചുവടുവയ്പായിരുന്നു അത്. അതുവഴി മലയാളി സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന വ്യക്തികളിലൊരാളായി. ഏഷ്യനെറ്റിന്റെ പ്രവർത്തനങ്ങൾക്ക് സുരേഷ്ബാബു ചെറിയത്തിനൊപ്പം നേതൃത്വം നൽകി.

അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കേന്ദ്ര സംഘടനയാ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡന്റായും ഫ്ലോറിഡ ചാപ്ടർ പ്രസിഡന്ടായും പ്രവർത്തിച്ചു. നാഷണൽ പ്രസിഡന്റ് എന്ന നിലയിൽ കൊച്ചി ബോൾഗാട്ടി പാലസിൽ ആദ്യമായി ഒരു സമ്മളനം സംഘടിപ്പിച്ചത് വൻവിജയമായി. പിന്നീട് ഇവിടെ നടത്തിയ ദേശീയ കൺവൻഷനും മറ്റു കേന്ദ്ര സംഘാടനകൾ നടത്തുന്ന കണ്വന്ഷനോട് കിടപിടിക്കുന്നതായിരുന്നു. അതിനാൽ വലിയ കൺവൻഷൻ നടത്താനുള്ള അനുഭവ പരിചയവും ഉണ്ടെന്നർത്ഥം!

ഫ്‌ലോറിഡയിൽ നിന്നുള്ള മലയാളി മനസ് എന്ന മാധ്യമത്തിലൂടെയാണ് മാധ്യമരംഗത്തേക്ക് ചുവടു വച്ചത്.

വ്യത്യസ്തമായ കർമ്മപാതകളിലൂടെ മുന്നേറിയ മാത്യു വർഗീസ് ഫോമായിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയും കൈവരിക്കേണ്ട നേട്ടങ്ങളെപ്പറ്റിയും കൃത്യമായ ധാരണ ഉളള വ്യക്തിയാണ്. സംഘടനാ എന്തായിരിക്കണം, എന്തൊക്കെ ചെയ്യണം എന്നതിൽ വ്യക്തമായ നിലപാടുകൾ. അവയോക്കെയാകട്ടെ സാമൂഹിക നന്മ ലക്ഷ്യമിടുന്നു.

ഓർത്തഡോക്സ് ഡയോസിസൻ കൗൺസിൽ മെമ്പർ, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, ഹോളിവുഡ് സെക്രട്ടറി എന്നെ നിലകളിലും പ്രവർത്തിച്ചു.

ഭാര്യ ആശാ മാത്യു നഴ്സ് മാനേജർ. ഒക്കുപ്പേഷണൽ തെറാപ്പിയിൽ ഡോക്ടറേറ്റുള്ള നികിത, ഡെന്റിസ്റ്റ് നിതീഷ് എന്നിവരാണ് മക്കൾ. മരുമകൻ അനീഷ് അറ്റോർണി. മരുമകൾ സോണിയ വിദ്യാർത്ഥിനി. മൂന്നു കൊച്ചുമക്കളുണ്ട്.
മൂന്ന് സഹോദരന്മാരും രണ്ടു സഹോദരിമായും അമേരിക്കയിലുണ്ട്..

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments