എ.എസ് ശ്രീകുമാര്‍
‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെന്‍’ എന്ന മുദ്രാവാക്യത്തടെ ലോകക്രമം തന്നെ മാറ്റിമറിക്കുന്ന പദവിയിലേയ്ക്ക് ചുവടുവച്ചുകൊണ്ട് കടുത്ത നടപടികളോടെയാണ് ട്രംപ് തന്റെ രണ്ടാം വരവ് ആഘോഷിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ രാജ്യത്തുനിന്ന് പുറത്താക്കി വിദഗ്ധരുടെ മാത്രം നിയമപരമായ വരവ് പ്രോല്‍സാഹിപ്പിക്കുന്ന പരിപാടിക്ക് അദ്ദേഹം തുടക്കമിട്ടു കഴിഞ്ഞു.
നാടുകടത്തലിന്റെ ഒന്നാം ഘട്ടമായി 205 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ വഹിച്ചുകൊണ്ടുള്ള യു.എസ് മിലിറ്ററിയുടെ സി-17 വിമാനം ഉടന്‍ ഇന്ത്യയിലെത്തും. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്ക് ടെക്സസിലെ സാന്‍ ആന്റോണിയോ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ഒഴിപ്പിക്കുന്നവരെ കൊണ്ടുപോകുന്നതില്‍ നിലവില്‍ ഏറ്റവും ദൂരത്തുള്ള രാജ്യമാണ് ഇന്ത്യ.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടത്തുമെന്നാണ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ വച്ച് പ്രതിജ്ഞയെടുത്തത്. നാടുകടത്തലിനായി 1.5 ദശലക്ഷം പേരുടെ പട്ടിക യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) തയ്യാറാക്കിയിട്ടുണ്ട്. പ്യൂ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള ഡാറ്റ പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 7,25,000 അനധികൃത കുടിയേറ്റക്കാര്‍ യു.എസില്‍ താമസിക്കുന്നു. ഇത് മെക്‌സിക്കോയ്ക്കും എല്‍ സാല്‍വഡോറിനും ശേഷമുള്ള അനധികൃത കുടിയേറ്റക്കാരുടെ മൂന്നാമത്തെ വലിയ ജനസംഖ്യയാണ്.
ഐ.സി.ഇ തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതും, നാടുകടത്തലിന് സൈനിക വിമാനം ഉപയോഗിക്കുന്നതും, ഒഴിപ്പിക്കുന്നവരെ താത്കാലികമായി താമസിപ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറക്കുക തുടങ്ങി തന്റെ കുടിയേറ്റ നയങ്ങള്‍ നടപ്പിലാക്കാന്‍ സൈന്യത്തെ കൂടുതലായി ഉപയോഗപ്പെടുത്തുകയാണ് ട്രംപ്. ടെക്‌സാസിലെ എല്‍ പാസോയിലും കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയിലും എത്തിച്ചിരിക്കുന്ന 5,000-ത്തിലധികം കുടിയേറ്റക്കാരെ നാടുകടത്താനായി പെന്റഗണ്‍ വിമാനങ്ങള്‍ വിട്ടു നല്‍കി തുടങ്ങിയിട്ടുണ്ട്.
ഹോണ്ടുറാസ്, ഗ്വാട്ടിമാല, കൊളംബിയ, ഇക്വഡോര്‍, പെറു, ഈജിപ്ത്, സെനഗല്‍, ഇന്ത്യ, ചൈന, ഉസ്‌ബെകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയാണ് തിരിച്ചയയ്ക്കുന്നതെന്ന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിശദമാക്കിയിരുന്നു. ഇവിടങ്ങളിലേയ്ക്കും കുടിയേറ്റക്കാരെ വഹിച്ചു കൊണ്ടുള്ള വിമാനങ്ങള്‍ പറന്നു തുടങ്ങിയിട്ടുണ്ട്. കുടിയേറ്റക്കാരെ കൊണ്ടുപോകുന്നതിനുള്ള ചെലവേറിയ മാര്‍ഗമാണ് സൈനിക വിമാനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞയാഴ്ച ഗ്വാട്ടിമാലയിലേക്കുള്ള സൈനിക വിമാനത്തിന് ഒരു കുടിയേറ്റക്കാരന് കുറഞ്ഞത് 4,675 ഡോളര്‍ ചിലവാകുമെന്നാണ് റിപ്പോര്‍ട്ട്.
2024 ഒക്ടോബറില്‍, യു.എസ് സര്‍ക്കാര്‍ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന നിരവധി ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യന്‍ സര്‍ക്കാരുമായി ഏകോപിപ്പ് നാടുകടത്തിയിരുന്നു. അവരെ ഒക്ടോബര്‍ 22-ന് ഇന്ത്യയിലേക്ക് തിരിച്ച് അയക്കാന്‍ പ്രത്യേക വിമാനവും ചാര്‍ട്ടര്‍ ചെയ്തിരുന്നു. യു.എസിലെ രേഖകളില്ലാത്ത ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ നല്ലൊരു പങ്കും പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മികച്ച അവസരങ്ങള്‍ തേടി യു.എസിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരുടെ പ്രാഥമിക ഉറവിടം ഈ പ്രദേശങ്ങളാണത്രേ. മെക്‌സിക്കോയും എല്‍സാല്‍വദോറും കഴിഞ്ഞാല്‍ ഇന്ത്യക്കാരാണ് യു.എസിലെ ഏറ്റവും വലിയ അനധികൃത കുടിയേറ്റക്കാര്‍.
പ്രധാനമായും മെക്‌സികോ, കാനഡ അതിര്‍ത്തി വഴിയാണ് അനധികൃതമായി യുഎസിലേക്കുള്ള കുടിയേറ്റം നടക്കുന്നത്. 2023-’24 അമേരിക്കന്‍ സാമ്പത്തിക വര്‍ഷം ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 ലക്ഷം അനധികൃത കുടിയേറ്റക്കാരെ യു.എസ് പിടികൂടിയിരുന്നു. ഇവരില്‍ 90,415 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 50 ശതമാനവും ഗുജറാത്തികളാണെന്നാണ് റിപ്പോര്‍ട്ട്. 43,764 പേരും കാനഡ വഴിയാണ് യു.എസ് അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. മണിക്കൂറില്‍ 10 ഇന്ത്യക്കാര്‍ അനധികൃത കുടിയേറ്റത്തിന് യു.എസില്‍ അറസ്റ്റിലാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ട്രംപിന്റെ രാഷ്ട്രീയാടിത്തറയുടെ കേന്ദ്രബിന്ദുവെന്ന് പറയുന്നത് കുടിയേറ്റത്തെ, പ്രത്യേകിച്ച് അനധികൃത കുടിയേറ്റത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ കടുത്ത നിലപാടാണ്. അടുത്തയിടെ ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍, തന്റെ കൂട്ട നാടുകടത്തല്‍ പദ്ധതികളെ പിന്തുണയ്ക്കാന്‍ യു.എസ് സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റത്തെ ‘അധിനിവേശം’ എന്ന് വിമര്‍ശിച്ച ട്രംപ്, അത് തടയുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന ‘മണ്ണിന്റെ മക്കള്‍’ വാദിയായ അമേരിക്കന്‍ പ്രസിഡന്റാണ്.
കുടിയേറ്റത്തിനെതിരെ ട്രംപ് കച്ചകെട്ടിയിറങ്ങിയതോടെ നിരവധി കുടിയേറ്റ അവകാശ സംഘടനകളും പൗരാവകാശ ഗ്രൂപ്പുകളും അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ബൈഡന്‍ കാലഘട്ടത്തില്‍ യു.എസില്‍ ദീര്‍ഘകാലമായി കഴിയുന്നവരോ, ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരോ ആയവര്‍ക്ക് നാടുകടത്തലില്‍ നിന്ന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍, ട്രംപ് ഇക്കാര്യത്തില്‍ അനുകമ്പ കാണിക്കില്ല. തന്റെ ഭരണത്തിന് കീഴില്‍ ആരും നാടുകടത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. അവരുടെയും ചരിത്രമോ കുടുംബ സാഹചര്യമോ പരിഗണിക്കാതെ തന്നെ നാടുകടത്തും.
രണ്ടാം വരവില്‍ ട്രംപ് കൂടുതല്‍ ആക്രമണ സ്വഭാവമുള്ള വ്യക്തിയായിരിക്കുമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. കാരണം ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്‌ളിക്കല്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ട്. 50 ലക്ഷം പോപ്പുലര്‍ വോട്ടുകളുടെ ഭൂരിപക്ഷവും ട്രംപിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. ട്രംപിന്റെ ആക്രമണാത്മക നാടുകടത്തല്‍ അജണ്ടയ്ക്ക് മുന്നില്‍ ഏതുതരം ഇടപെടലുകളാണ് വിജയിക്കുകയെന്ന് കാത്തിരുന്നുകാണാം.
ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ആദ്യ സംഘത്തെ തിരിച്ചയച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ മാസം 13-ന് വാഷിംഗ്ടണില്‍ നടക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ഈ വിഷയവും ചര്‍ച്ചയാവും. അനധികൃതമായി അമേരിക്കയില്‍ കഴിയുന്നവരെ മടക്കി അയയ്ക്കുന്നതില്‍ ഇന്ത്യയ്ക്കും എതിര്‍പ്പില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സില്‍ 10-11 തീയതികളില്‍ നടക്കുന്ന എ.ഐ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) ഉച്ചകോടിക്കു ശേഷം ഫെബ്രുവരി 12-ന് വൈകുന്നേരമാണ് മോദി വാഷിങ്ടണിലെത്തുക.
രണ്ട് ദിവസം അമേരിക്കയില്‍ തുടരുന്ന മോദിക്ക് വൈറ്റ്ഹൗസ് സന്ദര്‍ശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴവിരുന്നൊരുക്കും. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളില്‍ ട്രംപ് നികുതി ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച. അതിനാല്‍ വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായിരിക്കും കൂടിക്കാഴ്ചയില്‍ പ്രാധാന്യം നല്‍കുക. ട്രംപ് അധികാരമേറ്റ ശേഷം ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു.