വാഷിംഗ്ടണ്‍: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിലേക്ക് മാറ്റിത്തുടങ്ങി. അനധികൃത കുടിയേറ്റക്കാരുമായി ഗ്വാണ്ടനാമോ ജയിലിലേക്ക് ആദ്യസൈനീക വിമാനം പുറപ്പെട്ടുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.
കുറ്റവാളികളെയും സൈനിക തടവുകാരെയും പാര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന സൈനിക താവളമായി അറിയപ്പെടുന്ന ക്യൂബയിലെ ഗ്വാണ്ടനാമോ ബേയില്‍ 30,000 അനധികൃത കുടിയേറ്റക്കാരെ തടവില്‍ പാര്‍പ്പിക്കാന്‍ പ്രതിരോധ, ആഭ്യന്തര സുരക്ഷാ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഉത്തരവിൽ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ആഴ്ച ഒപ്പുവച്ചിരുന്നു.
തടവുകാരുടെ പീഡനകേന്ദ്രം എന്ന നിലയില്‍ കുപ്രസിദ്ധമാണ് ഗ്വാണ്ടനാമോ ജയിൽ. ഗ്വാണ്ടനാമോ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ പറ്റിയ സ്ഥലമെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിശേഷിപ്പിച്ചത്. കുടിയേറ്റവുമായി ബന്ധപ്പെട്ട തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സൗക്യങ്ങള്‍ ഒരുക്കാന്‍ അടുത്ത ദിവസങ്ങളില്‍ യുഎസ് സൈനികര്‍ ഈ കേന്ദ്രത്തില്‍ എത്തിയിരുന്നു. യുഎസ് ആര്‍മിയിലെ ഏകദേശം 300 ഓളം പട്ടാളക്കാര്‍ ഈ സ്ഥാപനത്തിലെ സുരക്ഷാ നടത്തിപ്പിനായി എത്തിയിട്ടുണ്ട്. തടവുകാരുടെ എണ്ണമനുസരിച്ച് സൈനികരുടെ എണ്ണത്തിലും മാറ്റമുണ്ടായേക്കാം.