വാഷിങ്ടൺ: ചൈനയ്‌ക്കെതിരെ വ്യാപാര നികുതി ഏർപ്പെടുത്തിയ വിഷയത്തിൽ ബെയ്ജിങ്ങുമായി കൂടിയാലോചനകൾക്ക് തിടുക്കം കാണിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സംസാരിക്കുന്നതിന് തിടുക്കമില്ലെന്നാണ് ട്രംപ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചൈന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്തിയത് അംഗീകരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഷി ജിൻപിങ്ങ്- ട്രംപ് കോൾ ഷെഡ്യൂൾ ചെയ്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പക്ഷേ ഇരു രാജ്യങ്ങളുടേയും പ്രസിഡന്റുമാർ തമ്മിൽ സംസാരിച്ചേക്കാം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ട്രംപിനെ സമീപിച്ചിരുന്നു. എന്തായിരിക്കും ഇവർ സംസാരിക്കുക എന്നത് നമുക്ക് കാത്തിരുന്ന് കാണാം എന്നും കരോലിൻ പറഞ്ഞു.
ചൈനയിൽ നിന്നുളള ഇറക്കുമതിക്ക് പത്ത് ശതമാനം നികുതി ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ചൈന യുഎസിൽ നിന്നുളള ഇറക്കുമതിക്ക് നികുതി ചുമത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. യുഎസിൽ നിന്നുളള ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി ചുമത്തുമെന്നാണ് ചൈനയുടെ പ്രഖ്യാപനം.
യുഎസിൽ നിന്നുളള ദ്രവീകൃത പ്രകൃതി വാതകം, കൽക്കരി എന്നിവയ്ക്ക് 15 ശതമാനവും, ക്രൂഡ് ഓയിൽ കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്ക് പത്ത് ശതമാനവുമാണ് ചൈന തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ ലംഘനത്തെ പറ്റി അന്വേഷിക്കുമെന്നും ചൈന അറിയിച്ചിട്ടുണ്ട്. ടങ്സ്റ്റൻ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോർപറേഷൻ, കാൽവിൻ ക്ലെയിൻ, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയിൽ പെടുത്താനും ചൈന തീരുമാനിച്ചിട്ടുണ്ട്.