സാൻ സാൽവദോർ: മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോർ ക്രിമിനലുകളുൾപ്പെടെ യു.എസ്. നാടുകടത്തുന്ന ആരെയും സ്വീകരിക്കും. പക്ഷേ കൃത്യമായ വാടക നല്കണം . അസാധാരണമായ ഈ ഉടമ്പടിക്ക് എൽ സാൽവദോർ പ്രസിഡന്റ് നയീബ് ബുക്കലെ സമ്മതിച്ചതായി യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
യു.എസിലെ ക്രിമിനലുകളെ പാർപ്പിക്കാനായി എൽ സാൽവദോറിൽ ഒരുവർഷം മുൻപുണ്ടാക്കിയ ജയിലിൽ ഇടംനൽകാമെന്ന് ബുക്കലെ പറഞ്ഞു. ഇതിന് എൽ സാൽവദോർ പണം വാങ്ങും. യു.എസ്. നാടുകടത്തുന്ന വിദേശപൗരരെ ഏറ്റെടുക്കാൻ തയ്യാറാണെന്നും എൽ സാൽവദോർ സന്ദർശിച്ച റൂബിയോയെ ബുക്കലെ അറിയിച്ചു.
ആധുനികകാലത്ത് ഒരു രാജ്യവും സ്വന്തം പൗരരെ വിദേശരാജ്യത്തിൻ്റെ ജയിലിൽ തടവിലിട്ടിട്ടില്ലാത്തതിനാൽ, ഇതിനുള്ള ട്രംപിന്റെ ശ്രമം കോടതി കയറാനാണ് സാധ്യത.യു.എസിലെ മാസച്യുസെറ്റ്സ് സംസ്ഥാനത്തെക്കാൾ ചെറുതാണ് എൽ സാൽവദോർ. 21,041 ചതുരശ്രകിലോമീറ്ററാണ് വിസ്‌തി. 65 ലക്ഷമാണ് ജനസംഖ്യ. കുറ്റകൃത്യങ്ങൾ കൂടുതലുള്ള എൽ സാൽവദോറിൽ ഒരുവർഷംമുൻപ് ‘ടെററിസം കൺഫൈൻമെൻ്റ് സെൻ്റർ’ എന്നപേരിൽ 40,000 പേരെ പാർപ്പിക്കാവുന്ന ജയിൽ തുറന്നിരുന്നു. ഇവിടെയിപ്പോൾ 15,000-ത്തോളം പേരേയുള്ളൂ.
വീഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരാകാനും ദിവസം അരമണിക്കൂർ വ്യായാമത്തിനും മാത്രമേ തടവുകാരെ പുറത്തിറങ്ങാൻ അനുവദിക്കൂ. എൽ സാൽവദോറിൽനിന്നുള്ള 2.32 ലക്ഷം അനധികൃതകുടിയേറ്റക്കാർ യു.എസിലുണ്ട്. നാടുകടത്തലിൽനിന്ന് ബൈഡൻസർക്കാർ ഇവർക്ക് സംരക്ഷണമേകിയിരുന്നു. ഇത് ട്രംപ് നീക്കിയിട്ടില്ല.