വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി. ഫെഡറല്‍ ജഡ്ജി ഡെബോറ ബോര്‍ഡ്മാനാണ് ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തിന് തടയിട്ടത്. ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് മേരിലാന്‍ഡ് കോടതി നിരീക്ഷിച്ചു.
‘ഇന്ന്, യുഎസ് മണ്ണില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ജനിക്കുമ്പോള്‍ തന്നെ ഒരു യുഎസ് പൗരനാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവും. ഈ കേസ് തീര്‍പ്പാക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും,’ അദ്ദേഹം പറഞ്ഞു. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ ഉത്തരവ് നേരത്തെ സിയാറ്റിലിലെ കോടതിയും സ്റ്റേ ചെയ്തിരുന്നു.
മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസില്‍ കഴിയുന്നവരുടെയും താല്‍ക്കാലത്തേക്കു വരുന്നവരുടെയും മക്കള്‍ യുഎസിന്റെ ‘അധികാരപരിധിയില്‍’ വരില്ലെന്ന് വ്യാഖ്യാനിച്ചായിരുന്നു ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്.