ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നത്, അമേരിക്കയുടെ ദേശീയ സുരക്ഷയ്‌ക്കും പൊതുസുരക്ഷയ്‌ക്കും വളരെ പ്രധാനമാണെന്ന് യുഎസ് എംബസി അറിയിച്ചു.
നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കുന്ന ആളുകൾക്കെതിരെ ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുക എന്നത് അമേരിക്കയുടെ നയമാണെന്നും എംബസി വ്യക്തമാക്കി. അനധികൃത കുടിയേറ്റത്തിനെതിരെ നടത്തിയ നടപടിയുടെ ഭാഗമായാണ് ഇന്ത്യക്കാരെ പിടികൂടി നാടുകടത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 104 പേരാണ് നാടുകടത്തപ്പെട്ടത്.
ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും 33 പേർ, പഞ്ചാബിൽ നിന്നും 30 പേർ, മഹാരാഷ്‌ട്രയിൽ നിന്ന് മൂന്ന്, ഛണ്ഡിഗഢിൽ നിന്ന് രണ്ട്, നാല് വയസുള്ള ഒരു ആൺകുട്ടി, അഞ്ചും ഏഴും വയസുള്ള രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ 19 സ്ത്രീകളും പ്രായപൂർത്തിയാകാത്ത 13 പേരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ പുരുഷന്മാരുടെ കൈകളിൽ മാത്രമാണ് വിലങ്ങിട്ടതെന്ന് എംബസി വ്യക്തമാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൃത്യമായ മറുപടി നൽകി. നാടുകടന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ഇതാദ്യമല്ലെന്നും 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്താറുണ്ടെന്നും ജയശങ്കർ പറഞ്ഞു.