എ.എസ് ശ്രീകുമാര്‍
ഹൃദ്രോഗത്തെക്കുറിച്ചും രോഗപ്രതിരോധത്തെപ്പറ്റിയും ചികില്‍സാ രീതി, വ്യായാമം, ഭക്ഷണ നിയന്ത്രണം എന്നിവ സംബന്ധിച്ചും നമ്മെ ബോധവല്‍ക്കരിക്കുന്ന ദിനമാണ് നാഷണല്‍ വെയര്‍ റെഡ് ഡേ. അത് വരുന്ന ഫെബ്രുവരി ഏഴാം തീയതി വെള്ളിയാഴ്ചയാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഏറ്റവും വലിയ കൊലയാളിയാണ് ഹൃദ്രോഗം. അത് നിശബ്ദമായി രംഗബോധമില്ലാത്ത കോമാളിയെപ്പോലെ കടന്നുവരുന്നു. സ്ത്രീകളിലെ ഹൃദ്രോഗ പ്രശ്‌നത്തിലേക്ക് ശ്രദ്ധ കൊണ്ടുവരുന്നതിനുള്ള ഒരു മാര്‍ഗമായി വ്യക്തികള്‍ അന്നേ ദിവസം ചുവപ്പ് ധരിക്കുന്നു. അഹ്ങനെ ആ ദിവസത്തിന്റെ തിരിച്ചറിയല്‍ നിറമാകുന്നു ചുവപ്പ്.
വ്യക്തിയെ ജനക്കൂട്ടത്തില്‍ വേറിട്ടു നിര്‍ത്തുന്ന നിറമാണ് ചവപ്പ്. അത് ശക്തവും ഉജ്ജ്വലവുമാണ്. നമ്മുടെ ഹൃദയങ്ങളിലൂടെ പമ്പ് ചെയ്യുന്ന രക്തത്തിന്റെ നിറമാണല്ലോ അത്. മനുഷ്യന്റെ വികാരവിചാരങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും, ഭൗതികവും ആധ്യാത്മികവുമായ സുഖത്തിനും നിറങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. നാം ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നിറം നമ്മുടെ വ്യക്തിത്വത്തെ, കര്‍മത്തെ, നമ്മുടെ സന്ദേശത്തെ പ്രതിനിധാനം ചെയ്യുന്നു. അമേരിക്കന്‍ ഭൂമികയില്‍ ചുവപ്പുനിറം കൂടുതല്‍ പ്രസക്തമാവുന്ന ദിനമാണ് ഫെബ്രുവരി 7.
മനുഷ്യന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള ഇഛാശക്തി, ഭൗതികമായ ആവശ്യകതകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഇളം ചൂടുള്ള, സുനിശ്ചിതത്വത്തിന്റെ….ഉറപ്പിന്റെ നിറമാണ് ചുവപ്പ്. ഇത് ശകതമായ പുരുഷ ഊര്‍ജം പുറം തള്ളുന്നു. നമ്മെ ഊര്‍ജസ്വലമാക്കുന്ന നിറം. ചുവപ്പ്, വികാരങ്ങളെ ഉത്തേജിപ്പിക്കുകയും പ്രവര്‍ത്തിക്കാന്‍ പ്രേരകമാവുകയും ചെയ്യും. അഭിലാഷങ്ങള്‍ക്കും ദൃഢ നിശ്ചയങ്ങള്‍ക്കും പിന്‍ബലമേകുന്ന രക്തവര്‍ണം നേതൃഗുണങ്ങളെ പ്രകാശിപ്പിക്കുകയും ജീവന് മാര്‍ഗനിര്‍ദേശം നല്‍കയും ചെയ്യും. ഇഛാശക്തിയില്ലാത്തവര്‍ക്കും നാണംകുണുങ്ങികള്‍ക്കും ആത്മവിശ്വാസം പകരുന്ന കരുത്തിന്റെ കളറാണിത്.
യഥാര്‍ത്ഥ കാമുകീ കാമുകന്മാര്‍ അവരുടെ ഹൃദയരക്തത്തിലാണ് പ്രണയലേഖനങ്ങള്‍ പരസ്പരമെഴുതാറ്. അങ്ങനെയുള്ള ഹൃദയങ്ങള്‍ ഒരിക്കലും അകാലത്തില്‍ സ്തംഭിച്ചു പോവരുത്. ഹൃദയത്തെ രക്ഷിച്ചെടുക്കാനുള്ള ബോധവത്കരണ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് എല്ലാവര്‍ഷവും ഫെബ്രുവരി മാസത്തെ ആദ്യ വെള്ളിയാഴ്ച അമേരിക്കയില്‍ ‘നാഷണല്‍ വെയര്‍ റെഡ് ഡേ’ ആചരിച്ചു വരുന്നു. ഇക്കുറി അത് വരുന്ന 7-ാം തീയതിയാണ് എന്ന് ആവര്‍ത്തിക്കട്ടെ.
വിവിധതരം മാരക കാന്‍സറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൃദ്രോഗം ഒരു നിശബ്ദ കൊലയാളിയാണ്. ഇതാകട്ടെ വയോധികരുടെ രോഗവുമല്ല. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതലായി ഹൃദ്രോഗം മൂലം മരിക്കുന്നതെന്ന് പഠനങ്ങളിലൂടെ നാം മനസ്സിലാക്കിയിട്ടുണ്ട്. ഗുരുതരമായ ഈ വിഷയം സംബന്ധിച്ച ബോധവല്‍ക്കരണത്തിനും ജീവനുകള്‍ രക്ഷിക്കാനുമൊക്കെയായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ആവിഷ്‌കരിച്ച പരിപാടിയാണ് ‘ഗോ റെഡ് ഫോര്‍ വുമണ്‍’. അങ്ങനെ സ്ത്രീകളിലെ ഹൃദ്രോഗ ബാധയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ചുവപ്പുനിറമുള്ള വസ്ത്രം പ്രതീകാത്മക അടയാളമായി മാറി.
യു.എസില്‍ ഓരോ വര്‍ഷവും ഏകദേശം 6,50,000 ആളുകള്‍ ഹൃദ്രോഗം മൂലം മരിക്കുന്നു, ഇത് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും മാരകമായ രോഗമായി മാറുന്നു എന്ന വസ്തുതയിലേക്ക് അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്നതിനായി നാഷണല്‍ ഹാര്‍ട്ട്, ലംഗ്, ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ട് നാഷണല്‍ വെയര്‍ റെഡ് ഡേ കാമ്പെയ്ന്‍ സ്ഥാപിച്ചു. നാഷണല്‍ വെയര്‍ റെഡ് ഡേയില്‍ വനിതകളെല്ലാം ചുവപ്പ് വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഹ്വാനം ചെയ്യപ്പെടുന്നു. ഹൃദ്രോഗത്തിന്റെ അപകട സാധ്യതകളെപ്പറ്റി ബോധ്യപ്പെടാനുള്ള ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയും ആരോഗ്യത്തോടെ ജീവിക്കാനുള്ള കര്‍മപരിപാടികള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുകയുമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍.
ആദ്യത്തെ ദിനാചരണം 2003-ലായിരുന്നു. അന്നുതൊട്ട് ഇന്നുവരെയുള്ള ട്രാക് റെക്കോഡ് പരിശോധിച്ചാല്‍ ജനങ്ങളുടെ ജീവിതരീതിയില്‍ പ്രകടമായ മാറ്റമുണ്ടായതായി കാണാം. ഹൃദയാഘാതം മൂലം മരിക്കുന്ന സ്ത്രീകളുടെ എണ്ണം 25 ശതമാനമായി കുറഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രതിദിനം നാനൂറോളം ജീവനുകളാണിപ്പോള്‍ രക്ഷപ്പെടുന്നത്.
ഹൃദയാരോഗ്യത്തെ കുറിച്ച് സ്ത്രീകള്‍ തീര്‍ത്തും ബോധവതികളായിരിക്കുന്നു. 45 ശതമാനം പേര്‍ തടി കുറയ്ക്കുകയും 51 ശതമാനം വനിതകള്‍ നിരന്തരം കൊളസ്‌ട്രോള്‍ പരിശോധിക്കുകയും ചെയ്യുന്നു. 65 ശതമാനം കൃത്യമായ വ്യായാമ മുറകളില്‍ ഏര്‍പ്പെടുമ്പോള്‍ 70 ശതമാനം തങ്ങളുടെ ഭക്ഷണക്രമത്തില്‍ ആരോഗ്യകരമായ മാറ്റം വരുത്തിയിരിക്കുന്നുവെന്ന് കാണാം. തങ്ങളുടെ ഡോക്ടറുമായി ചേര്‍ന്ന് 48 ശതമാനം പേര്‍ ഹാര്‍ട്ട് ഹെല്‍ത്ത് പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ്.
അങ്ങനെ ഹൃദയാരോഗ്യ ബോധവത്ക്കരണത്തിന്റെ ഗ്രാഫ് മുകളിലേയ്ക്ക് കുതിക്കുന്നു. 66 ശതമാനം അമേരിക്കക്കാര്‍ കൂടി ഇത് സ്ത്രീകളുടെ ഒന്നാം നമ്പര്‍ കൊലയാളിയാണെന്ന് തിരിച്ചറിഞ്ഞു. പുകവലി പാടേ ഉപേക്ഷിച്ചവര്‍ 25 ശതമാനം. 30 ശതമാനം പേരുടെ കൊളസ്‌ട്രോള്‍ ലെവല്‍ ആശാവഹമായി താഴ്ന്നു. നിരവധി കമ്മ്യൂണിറ്റികള്‍ ‘ഗോ റെഡ് ഫോര്‍ വുമണ്‍’ പരിപാടിയില്‍ അംഗങ്ങളായിക്കൊണ്ടിരിക്കുന്നു. രജിസ്‌ട്രേഷന്‍ 2.55 മില്യണ്‍ കവിഞ്ഞു. 195 നഗരങ്ങള്‍ ഈ പരിപാടി വിജയകരമായി സംഘടിപ്പിച്ചു വരുന്നു. ഇതിന് സമാന്തരമായി നിയമപരമായ പരിശ്രമങ്ങളും ഒരു ഭാഗത്തുണ്ട്. ഹെല്‍ത്ത് കവറേജിനുള്ള പോളിസികളും ആവിഷ്‌കരിക്കപ്പെടുന്നു.
രക്താതിമര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിച്ചു നിര്‍ത്തുക അല്ലെങ്കില്‍ വരാതെ സൂക്ഷിക്കുക എന്നത് ഹൃദയാരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ്. പോഷക സമൃദ്ധമായ ഭക്ഷണം മാത്രം കഴിക്കുക. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ അതിനായി ദിവസേന 5 കപ്പ് പഴങ്ങളും പച്ചക്കറികളും ഇലക്കറികളും, പരിപ്പുവര്‍ഗങ്ങള്‍, നട്‌സ്, മത്സ്യം, മുട്ട, കൊഴുപ്പ് കുറഞ്ഞ പാല്‍, കൊഴുപ്പ് കുറഞ്ഞ മാംസം തുടങ്ങിയവ ശരിയായ അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതുവഴി വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍ എന്നിവ ശരീരത്തിന് ലഭ്യമാകുന്നു.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, അമിതമായി മധുരം, ഉപ്പ്, കൊഴുപ്പ്, അന്നജം, നെയ്യ് എന്നിവ അടങ്ങിയ ആഹാരം ഉദാഹരണത്തിന് ചോറ്, ബിരിയാണി, പലഹാരങ്ങള്‍ തുടങ്ങിയവ അമിതമായി ഉപയോഗിക്കുന്നത് കുറയ്ക്കേണ്ടതാണ്. ശാരീരിക വ്യായാമക്കുറവാണ് മറ്റൊരു പ്രധാന പ്രശ്‌നം. മുതിര്‍ന്നവര്‍ നിത്യേന കുറഞ്ഞത് 30 മിനുട്ട് വീതവും കുട്ടികള്‍ ഒരു മണിക്കൂറും ശാരീരികാധ്വാനം നല്‍കുന്ന നടത്തം, സൈക്ലിംഗ്, കളികള്‍, നൃത്തം, നീന്തല്‍, ആയോധനകലകള്‍, ജിം പരിശീലനം എന്നിവ ഏതെങ്കിലും ചെയ്യേണ്ടതുണ്ട്. ഇത് ശാരീരികക്ഷമത മാത്രമല്ല രോഗങ്ങളെ അകറ്റാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ശരീരത്തിന്റെ അമിതഭാരം, വയറിനു ചുറ്റും കൊഴുപ്പ് അടിയുന്ന അവസ്ഥ എന്നിവ നിയന്ത്രിക്കേണ്ടതും ഏറെ അത്യാവശ്യമാണ്. പുകവലി ഹൃദ്രോഗ സാധ്യത വളരെയധികം വര്‍ധിപ്പിക്കുന്നു. പുലയിലയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നു. മാനസിക സമ്മര്‍ദം ഒഴിവാക്കല്‍, ഉല്ലാസ വേളകള്‍ വര്‍ധിപ്പിക്കല്‍ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
45- 55 വയസ് പിന്നിട്ട സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നതിനാല്‍ ഹൃദ്രോഗ സാധ്യത പുരുഷന്മാരിലേതുപോലെ വര്‍ധിച്ചു കാണപ്പെടുന്നു. അതിനാല്‍ ആര്‍ത്തവവിരാമത്തില്‍ എത്തിയ സ്ത്രീകള്‍ ഹൃദ്രോഗം വരാതെ സൂക്ഷിക്കാന്‍ ആവശ്യമായ പരിശോധനകളും ജീവിതശൈലി മാറ്റങ്ങളും സ്വീകരിക്കേണ്ടതാകുന്നു. തൃപ്തികരമായ ലൈംഗിക ജീവിതം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.