Saturday, February 22, 2025

HomeAmerica"എന്നെ കൊന്നാലും എന്റെ ജനതയിലൂടെ ഞാൻ അതിജീവിക്കും": ട്രംപിനെതിരെ ആഞ്ഞടിച്ച് കൊളംബിയൻ പ്രസിഡൻ്റ്

“എന്നെ കൊന്നാലും എന്റെ ജനതയിലൂടെ ഞാൻ അതിജീവിക്കും”: ട്രംപിനെതിരെ ആഞ്ഞടിച്ച് കൊളംബിയൻ പ്രസിഡൻ്റ്

spot_img
spot_img

ബൊഗോട്ട: യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ വംശീയ വിദ്വേഷത്തിനും കുടിയേറ്റ വിരുദ്ധതയക്കുമെതിരെ ശക്തമായ പ്രതികരണവുമായി കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ. ട്രംപിന്റെ ആർത്തി മനുഷ്യവംശത്തിന്റെ തന്നെ നാശത്തിന് കാരണമാകുമെന്നും കൊളംബിയൻ ജനതയെ അപമാനിക്കാൻ അനുവദിക്കില്ലെന്നും സമൂഹമാധ്യയമായ ‘എക്‌സി’ൽ പങ്കുവെച്ച ദീർഘമായ കുറിപ്പിൽ പെട്രോ പ്രതികരിച്ചു:

‘മുട്ടുമടക്കാത്ത ആരെയെങ്കിലും താങ്കൾക്കറിയാമെങ്കിൽ അത് ഞാനാണ്. പണത്തിന്റെ ശക്തിയും അഹങ്കാരവും ഉപയോഗിച്ച് എന്നെ അട്ടിമറിക്കാൻ താങ്കൾ ശ്രമിച്ചു നോക്കൂ. ഞാൻ എന്റെ രാജ്യത്തിനു വേണ്ടി മരിക്കും. പീഡനങ്ങളെ ചെറുത്തുനിന്നയാളാണ് ഞാൻ; താങ്കളെയും ചെറുക്കും. അടിമക്കച്ചവടക്കാരെ കൊളംബിയയിലേക്ക് അടുപ്പിക്കില്ല. അതുപോലുള്ള കുറെയേറെ പേരെ ഞങ്ങൾ കണ്ടതാണ്, സ്വാതന്ത്ര്യം നേടിയെടുത്തതുമാണ്. സ്വാതന്ത്ര്യ സ്‌നേഹികൾ മാത്രമാണ് കൊളംബിയയുടെ അടുത്തു വേണ്ടത്.’ കുറിപ്പിൽ പറയുന്നു.

‘ട്രംപ്, യഥാർത്ഥത്തിൽ യു.എസ്സിലേക്ക് യാത്ര ചെയ്യുന്നത് എനിക്കിഷ്ടമല്ല; അത് വിരസമാണ്. പക്ഷേ, താൽപര്യജനകമായ ചില കാര്യങ്ങൾ അവിടെയുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. വാഷിങ്ടണിൽ കറുത്ത വർഗക്കാരും ലാറ്റിനോകളും ബാരിക്കേഡുകൾ കൊണ്ട് വേർതിരിക്കപ്പെട്ടത് ഞാൻ കണ്ടു. എന്നെ സംബന്ധിച്ചിടത്തോളം അത് അസംബന്ധമാണ്. കാരണം, അവർ ഒന്നിച്ചാണ് ജീവിക്കേണ്ടത്…’ എന്നാണ് പെട്രോയുടെ കുറിപ്പ് ആരംഭിക്കുന്നത്.

കൊളംബിയയുടെ വിപ്ലവ പാരമ്പര്യത്തെയും, അമേരിക്കയിലേതടക്കമുള്ള വിപ്ലവ പോരാളികളെയും ഓർമിപ്പിക്കുന്ന കുറിപ്പിൽ ട്രംപിന്റെ വംശീയതയെ ഗുസ്താവോ കടന്നാക്രമിക്കുന്നുണ്ട്: ‘ട്രംപ്, എനിക്ക് നിങ്ങളുടെ എണ്ണ ഇഷ്ടമല്ല. ആർത്തി കാരണം മനുഷ്യവംശത്തെയാകെ തുടച്ചുനീക്കാൻ പോവുകയാണ് നിങ്ങൾ. ഒരുപക്ഷേ, ഒരുനാൾ ഒരു ഗ്ലാസ് മദ്യത്തിനൊപ്പം ഇക്കാര്യത്തെപ്പറ്റി നമുക്ക് തുറന്നു സംസാരിക്കാമെന്നു വച്ചാലും അത് ബുദ്ധിമുട്ടായിരിക്കും. കാരണം, താങ്കൾ എന്നെ കുറഞ്ഞ വംശക്കാരനായി കാണുന്നു. എന്നാൽ എനിക്കോ കൊളംബിയക്കാർക്കോ അങ്ങനെ ഒരു കുറവുമില്ല. എന്നെ കൊന്നാലും എന്റെ ജനതയിലൂടെ ഞാൻ അതിജീവിക്കും. ഞങ്ങൾ കാറ്റിന്റെയും മലകളുടെയും കരീബിയൻ കടലിന്റെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യരാണ്.’

വാഷിങ്ടണേക്കാൾ മുൻപ് സ്വാതന്ത്ര്യം നേടിയ നാടാണ് കൊളംബിയ എന്നും ഈജിപ്തിലെ ഫറോവമാരുടെ കാലത്തുള്ള സ്വർണപ്പണിക്കാർ സൃഷ്ടിച്ചതാണ് തന്റെ നാടിനെയെന്നും പെട്രോ ഗുസ്താവോ കുറിപ്പിൽ പറയുന്നു.

‘നിങ്ങളുടെ ഉപരോധങ്ങൾ ഞങ്ങളെ ഭയപ്പെടുത്തില്ല. കാരണം, കൊളംബിയ ലോകത്തിന്റെ ഹൃദയമാണ്. ഞങ്ങളുടെ നാട്ടിലെ പഴങ്ങൾക്കും മനുഷ്യർക്കും 50 ശതമാനം നികുതി താങ്കൾ ചുമത്തുമെങ്കിൽ തിരിച്ച് നിങ്ങൾക്കും അതേ നികുതി ഞാൻ ചുമത്തും. എന്റെ ജനങ്ങൾ കൊളംബിയയിൽ കണ്ടുപിടിക്കപ്പെട്ട ചോളം വിളയിക്കട്ടെ, അത് ലോകത്തിന് ഭക്ഷണമാകട്ടെ…’ എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.

ഈയിടെ ഇന്ത്യയിലേക്ക് യുഎസ്സിലെ അനധികൃത കുടിയേറ്റകാരെ കൊണ്ടുവന്നതുപോലെ കൊളംബിയയിലേക്കും രണ്ട് സൈനിക വിമാനങ്ങളിൽ ആളുകളെ കൊണ്ടുപോയിരുന്നു. എന്നാൽ, സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ എയർ സ്‌പേസിലേക്ക് കൊളംബിയ അനുമതി നിഷേധിച്ചു. കൊളംബിയൻ കുടിയേറ്റക്കാരെ കുറ്റവാളികളായി കാണാൻ കഴിയില്ലെന്നും യാത്രാ വിമാനങ്ങളിലാണ് ഇവരെ കൊണ്ട് വരണ്ടതെന്നുമായിരുന്നു പ്രസിഡണ്ട് പെട്രോ ഗുസ്താവോ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് വിമാനങ്ങൾക്ക് അനുമതി നൽകിയില്ലെങ്കിൽ കൊളംബിയൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം മുതൽ 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments