വാഷിംഗ്ടൺ: ട്രംപിനെ ‘പേടിച്ച്’ പ്രസവം നേരത്തെയാക്കാന്‍ അമേരിക്കയിലേക്ക് കുടിയേറിയ മറ്റ് രാജ്യക്കാര്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി നിയമസഭാംഗവും. ട്രംപ് ഭരണത്തിന്‍റെ കീഴില്‍ പ്രത്യുല്പാദന ആരോഗ്യ സംരക്ഷണത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് താന്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതെന്ന് മിഷിഗണിൽ നിന്നുള്ള പ്രതിനിധി സഭ അംഗം ലോറി പൊഹുറ്റ്‌സ്‌കി ബുധനാഴ്ച വ്യക്തമാക്കി.
ഡൊണാൾഡ് ട്രംപിന്റെ അമേരിക്കയിൽ ഒരിക്കലും ഗര്‍ഭം ധരിക്കേണ്ടി വരില്ലെന്ന് ഉറപ്പാക്കാനാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് മിഷിഗൺ ക്യാപിറ്റലിൽ നടന്ന റാലിയിൽ ലോറി പറഞ്ഞു. രാജ്യത്ത് പ്രത്യുൽപാദന അവകാശങ്ങൾ നിയന്ത്രിക്കപ്പെടുമെന്ന ഭയം ചൂണ്ടിക്കാട്ടിയായിരുന്നു ലോറിയുടെ പ്രസ്താവന. ‘എന്റെ പ്രത്യുല്‍പാദന ശേഷിയിൽ മാത്രം മൂല്യം കാണുന്ന ഒരു ഭരണകൂടം, അവിടെ എന്റെ ശരീരത്തെ കറൻസിയാക്കാൻ ഞാൻ അനുവദിക്കില്ല’ ലോറി പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രസ്താവനയ്ക്ക് പിന്നാലെ ലോറിക്കെതിരെ വിമര്‍ശനങ്ങളുമായും ആളുകള്‍ രംഗത്തെത്തി. രാഷ്ട്രീയ നേട്ടത്തിനായി തെറ്റായ വിവരങ്ങൾ നൽകുന്നെന്നും സ്വന്തം പ്രത്യുത്പാദന വ്യവസ്ഥയെ നശിപ്പിക്കുന്നതായി പരസ്യമായി പ്രഖ്യാപിക്കുന്നതിനെ എല്ലാവരും അപലപിക്കണമെന്നും മിഷിഗണിൽ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ബ്രാഡ് പാക്വെറ്റ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അതേസമയം, വിമർശനങ്ങൾക്കിടയിലും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ലോറി അറിയിച്ചു.
ഗർഭഛിദ്ര നിയമങ്ങൾ സംസ്ഥാനങ്ങൾ തീരുമാനിക്കണമെന്ന് ട്രംപ് മുമ്പ് പ്രസ്താവിച്ചിച്ചതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 2022ൽ മിഷിഗൺ വോട്ടർമാരുടെ ഗർഭഛിദ്രത്തിനുള്ള അവകാശങ്ങൾ സംസ്ഥാന ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് നിയന്ത്രണങ്ങളില്ലാതെ ഗർഭനിരോധനത്തിനുള്ള അവസരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ നിയമങ്ങളുടെ ഭാവിയെ കുറിച്ച് ലോറി ആശങ്ക പ്രകടിപ്പിക്കുന്നു. ഗർഭഛിദ്ര സേവനങ്ങൾക്കുള്ള ഫെഡറൽ ഫണ്ടിങ് നിയന്ത്രിക്കുന്നതിനായി അടുത്തിടെ ട്രംപ് ഭരണകൂടം നയങ്ങള്‍ അവതരിപ്പിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് അമേരിക്കയിലെ പ്രത്യുൽപാദന ആരോഗ്യ സംരക്ഷണത്തെ കുറിച്ചും അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.