വാഷിംഗ്ടൺ: പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന വിവാദ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ്
ഡോണാള്‍ഡ് ട്രംപ്. പേപ്പര്‍ സ്ട്രോകള്‍ വ്യാപകമാക്കാനുള്ള ബൈഡന് ഭരണകൂടത്തിന്റെ തീരുമാനം മണ്ടത്തരമെന്നാണ് ട്രംപിന്റെ നിലപാട്. പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യവുമായാണ് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്.
2020 ലെ തെരഞ്ഞെടുപ്പ് കാലം മുതല്‍ തന്നെ പ്രഖ്യാപിച്ച നിലപാടാണ് തന്റെ രണ്ടാമൂഴത്തില്‍ ട്രംപ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലിനീകരണം തടയാന്‍ ലോകത്തെമ്പാടും ശ്രമങ്ങള്‍ നടക്കവെയാണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന ട്രംപിന്റെ ആഹ്വാനം. ഭക്ഷണ വ്യാപാര, വിതരണ ശൃംഖലയില്‍ പ്ലാസ്റ്റിക് സ്ട്രോ പോലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കാന്‍ ബൈഡന് ഭരണകൂടം മുന്‍പ് തീരുമാനമെടുത്തിരുന്നു. ഇത് റദ്ദാക്കിക്കൊണ്ട് അടുത്തയാഴ്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവിറക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
പേപ്പര്‍ സ്ട്രോകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ബൈഡന്റെ തീരുമാനം മണ്ടത്തരമെന്നാണ് എക്സില്‍ ട്രംപിന്റെ കുറ്റപ്പെടുത്തല്‍. 2020 തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ട്രംപിന്റെ പ്രചാരണ സംഘം ബ്രാന്‍ഡഡ് പ്ലാസ്റ്റിക് സ്ട്രോ വിതരണം ചെയ്തിരുന്നു. അധികാരമേറ്റതിന് തൊട്ട് അടുത്ത ദിവസം ആഗോള താപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പ്രഖ്യാപനത്തിനെതിരെ വിവിധ പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തി. പതിവ് പോലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ കാര്യത്തിലും ട്രംപിനെ അനുകൂലിക്കുകയാണ് ഇലോണ്‍ മസ്ക്.