വാഷിംഗ്ടണ്‍: പടിഞ്ഞാറന്‍ അലാസ്‌കയ്ക്ക് മുകളില്‍ വച്ച് കാണാതായ യുഎസിന്റെ ബെറിംഗ് എയര്‍ കമ്യൂട്ടര്‍ വിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി. നോമിലേക്കുള്ള യാത്രാമധ്യേ വ്യാഴാച്ച കാണാതായ വിമാനം പടിഞ്ഞാറന്‍ തീരത്തെ മഞ്ഞുപാളികളില്‍ നിന്നാണ് കണ്ടെത്തിയത്.
വിമാനത്തില്‍ ഉണ്ടായിരുന്ന 10 പേരും മരിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റില്‍ നിന്ന് 2.37നാണ് വിമാനം പുറപ്പെട്ടത്. പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. പൈലറ്റും ഒന്‍പതു യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നോമിന് ഏകദേശം 12 മൈല്‍ അകലെയും 30 മൈല്‍ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം.പ്രദേശത്ത് ചെറിയ രീതിയില്‍ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് സിവില്‍ എയര്‍ പട്രോളില്‍ നിന്നുള്ള റഡാര്‍ ഡേറ്റ സൂചിപ്പിക്കുന്നത് ഏകദേശം 3.18 തോടെ വിമാനത്തിന്റെ വേഗത പെട്ടെന്ന് കുറഞ്ഞുവെന്നാണ്. അപകട കാരണം വ്യക്തമല്ല.
അപകട സിഗ്‌നലുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ പറയുന്നു.എട്ട് ദിവസത്തിനിടെ യുഎസില്‍ സംഭവിക്കുന്ന മൂന്നാമത്തെ വലിയ വിമാന ദുരന്തമാണിത്. ജനുവരി 29ന് വാഷിഗ്ടണ്ണില്‍ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേര്‍ മരിച്ചിരുന്നു. ജനുവരി 31ന് ഫിലാഡല്‍ഫിയയില്‍ വിമാനം തകര്‍ന്നുവീണ് ഏഴു പേര്‍ക്ക് മരണം സംഭവിച്ചിരുന്നു