അമേരിക്കയുടെ നാടുകടത്തല്‍ ഭീഷണി തുടരുന്നതിനിടെ പ്രവാസികള്‍ക്കായി പുതിയ നിയമം തയ്യാറാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് റിപ്പോര്‍ട്ട്. വിദേശ തൊഴിലിനായി ശ്രമിക്കുന്നവര്‍ക്ക് സുരക്ഷിതവും കൃത്യമായതും പതിവായതുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ഒരു നിയമം നടപ്പാക്കുന്നതിനെ കുറിച്ച് കേന്ദ്രം ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓവര്‍സീസ് മൊബിലിറ്റി(ഫെസിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ബില്‍, 2024 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന നിര്‍ദിഷ്ട കരട് നിയമം 1983ലെ വിദേശ കുടിയേറ്റ നിയമത്തിലെ കാലഹരണപ്പെട്ട വ്യവസ്ഥകള്‍ മാറ്റിസ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച ലോക്‌സഭയില്‍ വിദേശകാര്യ പാര്‍ലമെന്ററി സമിതിയുടെ നാലാമത്തെ റിപ്പോര്‍ട്ടില്‍ ഇത് ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.
യുഎസിന്റെ നാടു കടത്തല്‍ വിവാദം
ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി കഴിഞ്ഞ ദിവസം യുഎസില്‍ നിന്നുള്ള സൈനിക വിമാനം കഴിഞ്ഞ ദിവസം അമൃത്സറിലെത്തിയിരുന്നു.
അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നത് ലക്ഷ്യമിട്ട് യുഎസിൽ നടത്തിയ വലിയ ഓപ്പറേഷനില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യയിലെത്തിയവരില്‍ 33 പേര്‍ ഹരിയാനത്തില്‍നിന്നും ഗുജറാത്തില്‍ നിന്നും, 30 പര്‍ പഞ്ചാബില്‍നിന്നുള്ളവരും മൂന്ന് പേര്‍ വീതം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് നിന്നുള്ളവരും രണ്ടുപേര്‍ ചണ്ഡീഗഡില്‍ നിന്നുള്ളവരുമാണ്. സംഘത്തില്‍ 19 സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത 13 പേരും ഉള്‍പ്പെടുന്നു. നാല് വയസ്സുള്ള ആണ്‍കുട്ടിയും അഞ്ചും ഏഴും വയസ്സുള്ള രണ്ടുപെണ്‍കുട്ടികലും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യാഴാഴ്ച പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ‘‘വിദേശത്തുള്ള വിദ്യാര്‍ഥികളുടെ എണ്ണം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും സംഘര്‍ഷമുണ്ടാകുന്ന സമയങ്ങളില്‍ അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നു. യുക്രൈനില്‍ യുദ്ധസമയത്ത് ചെയ്തതുപോലെ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. വിദ്യാര്‍ഥികളെ രാജ്യത്തേക്ക് തിരികെയെത്തിക്കേണ്ടി വരുന്ന സമയങ്ങളില്‍ വിമാനങ്ങള്‍ അയക്കുകയും അടിയന്തരപദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്നു,’’ എസ് ജയ്ശങ്കര്‍ പറഞ്ഞു.
‘‘ആഗോള കുടിയേറ്റത്തിലുണ്ടായിരിക്കുന്ന വര്‍ധനയും ഇന്ത്യന്‍ പൗരന്മാരുടെ ആവശ്യങ്ങളും കണക്കിലെടുത്ത് 1983ലെ എമിഗ്രേഷന്‍ നിയമത്തില്‍ സമഗ്രമായ മാറ്റങ്ങളുണ്ടാകണമെന്ന് അടിയന്തര ആവശ്യം കമ്മിറ്റി ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ കാലതാമസമുണ്ടായെങ്കിലും ഓവര്‍സീസ് മൊബിലിറ്റി(ഫെസിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍)ബില്‍ 2024 എന്ന താത്കാലിക പേരില്‍ പുതിയ നിയമം നടപ്പിലാക്കാന്‍ വിദേശകാര്യമന്ത്രാലയം ഇപ്പോള്‍ ഗൗരവത്തോടെ പരിഗണിക്കുന്നുണ്ട്,’’ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ രാജ്യം ആഗോളതലത്തില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേർത്തു. ‘‘ഇന്ത്യയുമായി ഇടപഴകുന്നതില്‍ മറ്റ് ലോകരാജ്യങ്ങള്‍ക്കുള്ള താത്പര്യം വര്‍ധിച്ചു വരികയാണ്. ഇത് വിപുലമായ നയതന്ത്രബന്ധത്തിലേക്ക് നയിക്കും. പ്രാദേശിക സംഘടനകള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കുന്നു. ഉയര്‍ന്ന തരത്തിലുള്ള കൈമാറ്റങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ഉഭയകക്ഷി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവയ്ക്കുന്നു. കൂടാതെ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്(ഐഎസ്എ), ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളുടെ കൂട്ടായ്മ(സിഡിആര്‍ഐ) തുടങ്ങിയ സംരംഭങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കിയിട്ടുണ്ട്,’’ റിപ്പോര്‍ട്ട് വ്യക്തമാക്കി.
‘‘നിര്‍ദിഷ്ട കരട് സംബന്ധിച്ച് നിലവില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ കൂടിയാലോചന നടത്തുകയാണെന്നും പൊതുജനാഭിപ്രായം തേടുന്നതിനായി ഉടന്‍ അനുവദിച്ചു നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം സമിതിയെ അറിയിച്ചിട്ടുണ്ട്. ബില്ലിന്റെ പ്രധാന വശങ്ങളെക്കുറിച്ച് കൂടിയാലോചിക്കേണ്ടതിന്റെ പ്രാധാന്യം സമിതി ഊന്നിപ്പറയുകയും നിയമം പരിഷ്‌കരിക്കുന്നത് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു,’’ റിപ്പോര്‍ട്ടില്‍ പറയുന്നു.
അവിദഗ്ധ തൊഴിലാളികള്‍, വിദഗ്ധ തൊഴിലാളികള്‍, പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 1.5 കോടി ഇന്ത്യന്‍ പൗരന്മാര്‍ വിദേശത്ത് താമസിക്കുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ഇക്കഴിഞ്ഞ നവംബറില്‍ ലോക്‌സഭയില്‍ അറിയിച്ചിരുന്നു.കഴിഞ്ഞ പത്ത് വർഷത്തിനിടെ സൗഹൃദരാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും അനുകൂലമായ ഒരു അന്തരീക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്.