ന്യൂയോർക്ക്: കൗമാരക്കാരായ ടെന്നീസ് താരങ്ങളെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജന് 25 വർഷം തടവ്. അമൻദീപ് സിങി (36)നാണ് യുഎസ് കോടതി തടവ് ശിക്ഷ വിധിച്ചത്. 2023 മെയിൽ ആയിരുന്നു കുട്ടികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. മരിച്ച 14 വയസ്സുള്ള കുട്ടികളായ ഏഥൻ ഫാൽക്കോവിറ്റ്സും ഡ്രൂ ഹാസൻബെയ്നും ടെന്നീസ് മത്സരം വിജയിച്ചതിന്റെ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു.
കൊക്കെയ്നും മദ്യവും ഉപയോഗിച്ച ശേഷം മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലാണ് അമൻദീപ് സിങ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
“എന്റെ തെറ്റാണ്. കുഞ്ഞിൻ്റെ ജീവൻ നഷ്‌ടപ്പെട്ടതാണ് ഏറ്റവും വലിയ ദുഃഖം. ഞാൻ മഹാപാപം ചെയ്തു. ആരെങ്കിലുംമരിക്കണമായിരുന്നെങ്കിൽ അത് ഞാനാകണമായിരുന്നു.” – ശിക്ഷ വിധിക്കു പിന്നാലെ അമൻദീപ്, ജഡ്‌ജി ഹെലൻ ഗുഗെർട്ടിയോട് പറഞ്ഞു. മരിച്ച കുട്ടികളുടെ രക്ഷിതാക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ ശിക്ഷാവിധി കേൾക്കാനായി കോടതിയിൽ എത്തിയിരുന്നു. തിരക്കു കാരണം രണ്ട് അധിക മുറികളാണ് കോടതിയിൽ അനുവദിച്ചത്. രോഷാകുലരായ കുട്ടികളുടെ രക്ഷിതാക്കളും സുഹൃത്തുക്കളും അമൻദീപിനെതിരെ കോടതിയിൽ വച്ച് ആക്രോശിച്ചു.
36 കാരനായ അമൻദീപ് സിങ് ഒരു നിർമ്മാണ കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു. തെറ്റായ ദിശയിലൂടെ വാഹനം ഓടിച്ച അമൻ, കൗമാരക്കാർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന 2 കൗമാരക്കാരും അപകടസ്‌ഥലത്തു വച്ച് തന്നെ മരിച്ചു. അപകടത്തിൽ മറ്റു രണ്ടു പേർക്ക് കൂടി പരുക്കേറ്റിരുന്നു.
പിന്നാലെ സംഭവസ്‌ഥലത്തു നിന്ന് രക്ഷപ്പെട്ട അമൻദീപിനെ ഒരു മാലിന്യക്കൂമ്പാരത്തിന് സമീപം ഒളിച്ചിരിക്കുന്നതിനിടെയാണ് പൊലീസ് പിന്തുടർന്നു പിടികൂടിയത്.