ബെയ്ജിങ്: ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽനിന്ന് പിന്മാറുമെന്ന് പനാമ അറിയിച്ചതിന് പിന്നാലെ യു.എസിനെതിരെ ആഞ്ഞടിച്ച് ചൈന. ആഗോള അടിസ്ഥാന വികസന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് അട്ടിമറിക്കാനുള്ള യു.എസിന്റെ നീക്കം ശീതയുദ്ധ മനോഭാവമാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ജിൻ ജിയാൻ ആരോപിച്ചു.
ബെൽറ്റ് ആൻഡ് റോഡ് സഹകരണത്തെ സമ്മർദത്തിലൂടെയും ബലപ്രയോഗത്തിലൂടെയും തകർക്കാനുള്ള അമേരിക്കൻ നീക്കത്തെ ശക്തമായി എതിർക്കുന്നു. ആധിപത്യ സ്വഭാവം തുറന്നുകാണിക്കുന്നതാണ് യു.എസിന്റെ നടപടി. കഴിഞ്ഞയാഴ്ച പനാമ സന്ദർശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പരാമർശം ചൈനക്കും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കും ഇടയിൽ മനഃപൂർവം ഭിന്നത വിതക്കുന്നതും ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതും നിയമപരമായ അവകാശങ്ങളും താൽപര്യങ്ങളും ദുർബലപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. 20 ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളടക്കം 150 ലേറെ രാജ്യങ്ങൾ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമാണെന്നും ജിയാൻ കൂട്ടിച്ചേർത്തു.
2017ൽ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ ആദ്യമായി അംഗമായ ലാറ്റിൻ അമേരിക്കൻ രാജ്യമാണ് പനാമ. റൂബിയോയുടെ പനാമ സന്ദർശനത്തിന് പിന്നാലെയാണ് പദ്ധതിയിൽനിന്ന് പിന്മാറുമെന്ന് പ്രസിഡൻറ് ജോസ് റൗൾ മുലീനോ ചൈനയെ അറിയിച്ചത്. ജലപാതയുടെ നിയന്ത്രണം പനാമ ചൈനക്ക് വിട്ടുകൊടുത്തതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് ആരോപിച്ചിരുന്നു.