വാഷിങ്ടൻ: റഷ്യയോടുള്ള നിലപാടും ദേശീയ സുരക്ഷയും സംബന്ധിച്ച് യുഎസ് ചുവടുമാറ്റി. റഷ്യൻ ശതകോടീശ്വരരുടെ സ്വത്തു കണ്ടു കെട്ടുന്നതിനായി ജോ ബൈഡൻ ഭരണകൂടം തുടങ്ങിവച്ച പദ്ധതി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സർക്കാർ റദ്ദാക്കി.
യുക്രെയ്നിൽ ആക്രമണം നടത്തുന്ന റഷ്യയെ ശിക്ഷിക്കുന്നതിനാണ് രാഷ്ട്രീയ സ്വാധീനമുള്ള ബിസിനസ് പ്രമുഖരുടെ സ്വത്ത് കണ്ടുകെട്ടുന്ന നിയമം ബൈഡൻ കൊണ്ടുവന്നത്. ജസ്റ്റിസ് ഡിപ്പാർട്മെന്റ് മേധാവിയായി പുതിയ അറ്റോർണി ജനറൽ പാം ബാൻഡി ചുമതലയേറ്റതിനു പിന്നാലെയാണ് ഇതു റദ്ദാക്കുന്നത്.
ട്രംപിന്റെ ഒന്നാം ഭരണകാലത്തു കൊണ്ടുവന്ന ഫോറിൻ ഇൻഫ്ലുവൻസ് ടാസ്ക് ഫോഴ്സും നിർത്തലാക്കി. റഷ്യ ഉൾപ്പെടെ രാജ്യങ്ങൾ യുഎസിൽ വ്യാജവിവരങ്ങൾ പരത്തുന്നതും ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതും തടയാനായി ബൈഡന്റെ ഭരണകാലത്ത് ഈ ടാസ്ക് ഫോഴ്സിനെ ഉപയോഗപ്പെടുത്തിയിരുന്നു.