സജി പുല്ലാട്
ഹൂസ്റ്റൺ/മാരാമൺ: മലങ്കര മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിൻറെ പൂർണ ചുമതലയിൽ നടത്തിവരുന്ന ചരിത്രപ്രസിദ്ധമായ നൂറ്റി മുപ്പതാമത് മാരാമൺ കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം.
സുവിശേഷ പ്രസംഗസംഘം പ്രസിഡണ്ട് ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച യോഗത്തിൽ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.

എട്ടു നാൾ നീണ്ടു നിൽക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആത്മീയ കൺവെൻഷനിൽ പ്രൊഫ.ഡോ. ജെറി പിള്ളേയ്,(President,The World Communion of Reformed Churches), റവ.ഡോ.വിക്ടർ അലോയോ,(President, Columbia Theological Seminary), .രാജ്കുമാർ രാമചന്ദ്രൻ Executive Director, Logos Ministries Dean(Honorary) of Faculty of Haggai Institute, India), എന്നിവരാണ് ഇത്തവണത്തെ മുഖ്യ പ്രസംഗകർ.
101 അംഗ കൺവെൻഷൻ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
കല്ലിശ്ശേരി പമ്പാനദീ തീരത്ത് പത്തൊമ്പതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ഉണ്ണിത്താൻ കത്തനാരും, അദ്ദേഹത്തിൻറെ മകൻ കടവിൽ അച്ഛൻ എന്നറിയപ്പെടുന്ന എബ്രഹാം കത്തനാരും പണികഴിപ്പിച്ച(1884) ഒരു വീട് ആയിരുന്നു പിന്നീട് ‘കടവിൽ മാളിക’ എന്നറിയപ്പെ ട്ടിരുന്നത്. 1888 സെപ്റ്റംബർ 5ന് ഒരു പട്ടക്കാരനും 11 അത്മായരും കടവിൽ മാളികയിൽ ഒത്തുചേർന്ന് രൂപീകരിച്ച ഒരു മിഷനറി പ്രസ്ഥാനമാണ് മാർത്തോമ സുവിശേഷ പ്രസംഗ സംഘം.

ഇത് കേരളത്തിലെ പുരാതന സഭയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുകയും,മലങ്കര മാർത്തോമ സുറിയാനി സഭയുടെ സമ്പൂർണ്ണ നവീകരണത്തിനും, ദൗത്യത്തിനും, പുതിയ ജീവിതവും, പ്രചോദനവും, നൽകുകയും ചെയ്തു.12 അംഗ സ്ഥാപക പിതാക്കന്മാരാൽ 1895 മാർച്ച് അഞ്ചിന് പമ്പാനദീ തീരത്ത് തുടങ്ങിവച്ച മാരാമൺ കൺവെൻഷൻ 130 വർഷങ്ങളായി ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തി അഭംഗുരം തുടർന്നു പോരുന്നു.

സഭയിലെ ബിഷപ്പ് കടവിൽ മാളിക സന്ദർശിക്കുന്ന പതിവുണ്ട്.
തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള മാർത്തോമാ സഭാ വിശ്വാസികൾ ഇവിടെ സന്ദർശിച്ച് പ്രാർത്ഥനയ്ക്കായി സമയം ചിലവഴിക്കാറുണ്ട്.
സമീപ ഇടവകകളിൽ നിന്നും സൺഡേസ്കൂൾ ,സേവികാസംഘം പ്രവർത്തകർ ഇവിടെയെത്തി റിട്രീറ്റും നടത്തുക പതിവാണ്.
വിശേഷ അവസരങ്ങളിൽ സഭയിലെ വൈദികർ, സുവിശേഷകർ തുടങ്ങിയവർ എത്തിച്ചേരുകയും വചന ശുശ്രൂഷ യാലും, പ്രാർത്ഥനയാലും, ഗാനാലാപനത്താലും കടവിൽ മാളികയെ ഭക്തിസാന്ദ്രമാക്കുകയും ചെയ്യാറുണ്ട്.

ചരിത്രം ഉറങ്ങുന്ന കടവിൽ മാളികയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും, പരിപാവനത കാത്തുസൂക്ഷിച്ച് ധ്യാനവും, പ്രാർത്ഥനകളും ഒക്കെ ക്രമീകരിക്കുന്നതിനുമായി സഭ ഓരോ സുവിശേഷകരെ ഇവിടെ നിയമിക്കാറുണ്ട്.
കഴിഞ്ഞ നാലു വർഷമായി സുവി. ജെയിംസ് വർഗീസ് , ഭാര്യ എലിസബത്ത് ജെയിംസ് , മക്കൾ എന്നിവർ കടവിൽ മാളികയോട് ചേർന്നുള്ള ഭവനത്തിൽ താമസിച്ച് പ്രാർത്ഥനാപൂർവ്വം തന്നിൽ അർപ്പിച്ചിരിക്കുന്ന ശുശ്രൂഷ നിർവഹിച്ചു പോരുന്നു.
