ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ പ്രമുഖ കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍( മാഗ്) തലപ്പത്തേയക്ക് പോരാട്ടത്തിന് റോയ് മാത്യു. ഹ്യൂസ്റ്റണിലെ സാമൂഹീക സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യമായ റോയി വ്യവസായ രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. 2026 ലേയ്ക്കുള്ള മാഗ് ഭരണസമിതിയില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കാണ് ഇദ്ദേഹം മത്സരിക്കുന്നത്. മാഗിന്റെ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
2021 ല്‍ മാഗിന്റെ കമ്മിറ്റിയില്‍ സജീവ പ്രവര്‍ത്തനം നടത്തിയ റോയ് ആ വര്‍ഷത്തെ ഓണാഘോഷത്തിന്റെ മുഖ്യ സംഘാടകനായിരുന്നു. ഹൃദ്യമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. മാഗ് സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച് സീനിയര്‍ സിറ്റിസണ്‍ അംഗങ്ങള്‍ക്ക് നിരവധി പദ്ധതികള്‍ ആസൂതണം ചെയ്തു. മാഗ് ധനശേഖരണാര്‍ത്ഥം പുറത്തിറക്കിയ ”ഓര്‍മച്ചെപ്പ് ‘ എന്ന സുവനീറിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ച അനുഭവ പരിചയവുമുണ്ട്.
ഹ്യൂസ്റ്റനിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളിലും റോയിയുടെ ഇടപെടല്‍ വിലപ്പെട്ടതാണ്. കൗണ്‍സില്‍ പ്രൊവിന്‍സ് പ്രസിഡന്റായും ബഹറിന്‍ കേരളീയ സമാജത്തിന്റെ മെമ്പര്‍ഷിപ്പ് സെക്രട്ടറിയായും പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
കേരളാ അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ (കെ.എ.ഡബ്ല്യൂ ,സീയാറ്റില്‍ ) കമ്മിറ്റി മെമ്പര്‍, സീയാറ്റില്‍ സെന്റ് തോമസ് ഓര്‍ത്തഡോസ് പള്ളി സെക്രട്ടറി, ഹ്യൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെക്രട്ടറി എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുണ്ട്. സമൂഹത്തിന്റെ നാനാ തുറകളിലുള്ള പ്രവര്‍ത്തന മികവാണ് റോയിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പ്രധാന ഘടകമെന്നാണ് പൊതു വിലയിരുത്തല്‍. സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ മാഗിന്റെ മുന്‍ ഭാരവാഹികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി.