ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ പ്രസിഡന്റ് പദവിയിലേയ്ക്ക് മികച്ച സംഘാടകന്‍ റോയ് മാത്യു മല്‍സരിക്കുന്നു. ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയായ റോയ് മാത്യു തെളിമയുള്ള സാംസ്‌കാരിക പ്രവര്‍ത്തകനും, വ്യവസായ സംരഭകനുമാണ്. മാഗിന്റെ 2026-ലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അമരത്തേയ്ക്കാണ് റോയി മാത്യു ജനവിധി തേടുന്നത്.
അംഗബലം, കെട്ടുറപ്പ്, ഐക്യം, സാമൂഹിക പ്രതിബദ്ധത എന്നിങ്ങനെ ഒരു സംഘടനയുടെ അവിഭാജ്യ ഘടകങ്ങളെല്ലാം ഒത്തു ചേര്‍ന്ന മാഗിനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് റോയി മാത്യുവെന്ന് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന മാഗ് മുന്‍ ഭാരവാഹികളും മറ്റു സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.
മാഗിന്റ സജീവ പ്രവര്‍ത്തകനായ റോയി മാത്യു സംഘടനയുടെ 2021 കമ്മിറ്റിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്. ആ വര്‍ഷത്തെ ഓണാഘോഷത്തിന്റെ മുഖ്യ സംഘാടകനും മാഗ് സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. മാഗിന്റെ ധനശേഖരണാര്‍ത്ഥം പുറത്തിറക്കിയ ‘ഓര്‍മച്ചെപ്പ്’ എന്ന ബഹുവര്‍ണ സുവനീറിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും ആയിരുന്നു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തകനായ റോയ് മാത്യു ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റ്, ബഹറിന്‍ കേരളീയ സമാജത്തിന്റെ മെമ്പര്‍ഷിപ്പ് സെക്രട്ടറി, കേരളാ അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ (കെ.എ.ഡബ്ല്യൂ-സീയാറ്റില്‍) കമ്മിറ്റി മെമ്പര്‍, സീയാറ്റില്‍ സെന്റ് തോമസ് ഓര്‍ത്തഡോസ് പള്ളി സെക്രട്ടറി, ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെക്രട്ടറി എന്നീ നിലകളിലും തിളങ്ങിയിട്ടുണ്ട്.