വാഷിങ്ടണ്‍: ഗള്‍ഫ് ഓഫ് മെക്‌സിക്കോയെ ഗള്‍ഫ് ഓഫ് അമേരിക്കയായി പുനര്‍നാമകരണം ചെയ്യാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. മാത്രമല്ല, ഫെബ്രുവരി 9, ഗള്‍ഫ് ഓഫ് അമേരിക്ക ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനം അമേരിക്കയുടെ അഭിമാനം വീണ്ടെടുക്കുന്നതിന് സഹായിക്കുമെന്ന് ഉത്തരവ് ഒപ്പുവെച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു.
ന്യൂ ഓര്‍ലിയാന്‍സിലെ സൂപ്പര്‍ ബൗളിലേക്കുള്ള യാത്രാമധ്യേ, അന്താരാഷ്ട്ര ജലപാതയ്ക്ക് മുകളിലൂടെ എയര്‍ഫോഴ്സ് വണ്‍ കടന്നുപോയപ്പോള്‍, ആദ്യമായി പുനര്‍നാമകരണം ചെയ്യപ്പെട്ട ഗള്‍ഫ് ഓഫ് അമേരിക്കയ്ക്ക് മുകളിലൂടെ കടന്നുപോയതായി വൈറ്റ് ഹൗസ് വെബ്‌സൈറ്റില്‍ കുറിച്ചു. ഞങ്ങള്‍ ഇപ്പോള്‍ ഗള്‍ഫ് ഓഫ് അമേരിക്കയുടെ മുകളിലൂടെ പറക്കുകയാണ്. പേരുമാറ്റിയതിനുശേഷം അമേരിക്കന്‍ ഉള്‍ക്കടലിലേക്കുള്ള എന്റെ ആദ്യ സന്ദര്‍ശനമാണിതെന്നും ഇത് ഏറ്റവും ഉചിതമായ സമയമാമെന്നും ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് വെബ്‌സൈറ്റില്‍ പറയുന്നു.
വൈറ്റ് ഹൗസ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത് എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, ഗള്‍ഫ് ഓഫ് അമേരിക്ക എന്ന് പുനര്‍നാമകരണം ചെയ്തയിടത്തെ ടെക്‌സസ്, ലൂസിയാന, മിസിസിപ്പി, അലബാമ, ഫ്‌ലോറിഡ എന്നിവയുമായി അതിര്‍ത്തി പങ്കിടുകയും മെക്‌സിക്കോ, ക്യൂബ അതിര്‍ത്തി വരെ വ്യാപിച്ചുകിടക്കുകയും ചെയ്യുന്ന തീരദേശ പ്രദേശമായാണ് യുഎസ് കണക്കാക്കുന്നത്. മുമ്പ് ഈ പ്രദേശം മെക്‌സിക്കോ ഉള്‍ക്കടല്‍ എന്നാണ് വിളിച്ചിരുന്നത്.
30 ദിവസത്തിനുള്ളില്‍ പുനര്‍നാമകരണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ യുഎസ് ആഭ്യന്തര സെക്രട്ടറി ഡഗ് ബര്‍ഗമിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. യുഎസ് കോസ്റ്റ് ഗാര്‍ഡ് ഗള്‍ഫ് ഓഫ് അമേരിക്ക എന്ന പുതിയ പേര് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ മഹത്വപൂര്‍ണമായ ചരിത്രത്തില്‍ എന്റെ ഭരണകൂടം അമേരിക്കയുടെ അഭിമാനം പുനസ്ഥാപിക്കുമ്പോള്‍ നമ്മുടെ രാഷ്ട്രം ഒത്തുചേര്‍ന്ന് ഈ സുപ്രധാന നിമിഷം ആഘോഷിക്കുന്നത് ഉചിതമാണ്, ട്രംപ് പ്രഖ്യാപനത്തില്‍ പറഞ്ഞു.
അതിനാല്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായ ഞാന്‍, ഡൊണാള്‍ഡ് ജെ. ട്രംപ്, ഭരണഘടനയും അമേരിക്കന്‍ നിയമങ്ങളും എനിക്ക് നല്‍കിയിട്ടുള്ള അധികാരത്തിന്റെ അടിസ്ഥാനത്തില്‍, 2025 ഫെബ്രുവരി 9, അമേരിക്ക ഗള്‍ഫ് ദിനമായി ഇതിനാല്‍ പ്രഖ്യാപിക്കുന്നുവെന്നും ട്രംപ് പ്രഖ്യാപനത്തില്‍ പറഞ്ഞു. ഉചിതമായ പരിപാടികള്‍, ചടങ്ങുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയോടെ ഈ ദിനം ആചരിക്കാന്‍ ഉദ്യോഗസ്ഥരോടും അമേരിക്കയിലെ എല്ലാ ജനങ്ങളോടും ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്.