കാലിഫോർണിയ: കാലിഫോർണിയയിലെ ബേക്കേഴ്‌സ്‌ഫീൽഡിലെ ഹാർട്ട് പാർക്കിൽ അമേരിക്കൻ പതാക അഴിച്ചുമാറ്റി പകരം മെക്‌സിക്കൻ പതാക ഉയർത്തി യുവതി. 24കാരിയായ കാലിഫോർണിയ സ്വദേശിനി ക്രിസ്റ്റൽ അഗ്വിലാറിനെ അറസ്റ്റ് ചെയ്തു. കൊടിമരത്തിന് ചുറ്റുമുണ്ടായിരുന്ന ചങ്ങല മുറിച്ച് അകത്തുകയറിയ യുവതി യുഎസ് പതാക താഴെയിറക്കി ചെളിയിലേക്ക് വലിച്ചെറിഞ്ഞെന്നും പകരം മെക്സിക്കോയുടെ പതാക ഉയർത്തിയെന്നും പൊലീസ് പറയുന്നു.
പിടിച്ചുമാറ്റാൻ വന്ന പാർക്കിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് യുവതി കയർത്തു- “ഞാൻ എന്ത് ചെയ്യണമെന്ന് നിങ്ങൾ പറയേണ്ടതില്ല. ഇത് മെക്സിക്കോയുടെ ഭൂമിയാണ്.” തുടർന്ന് ക്രിസ്റ്റൽ അഗ്വിലാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പൊലീസ് പറയുന്നതിങ്ങനെ- പാർക്കിന്‍റെ പ്രവേശന കവാടത്തിനരികിലുള്ള അമേരിക്കൻ പതാക താഴെയിറക്കാൻ ഒരാൾ ശ്രമിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയത്. കൊടിമരത്തിന് സമീപത്തെ ചെളി നിറഞ്ഞ പുല്ലിൽ പുതഞ്ഞ നിലയിൽ അഗ്വിലാറിന്‍റെ വെളുത്ത സെഡാൻ കാറാണ് ആദ്യം കണ്ടതെന്ന് പൊലീസ് പറഞ്ഞു. അപ്പോഴേക്കും അമേരിക്കൻ പതാക അഴിച്ചുമാറ്റിയ യുവതി മെക്സിക്കൻ പതാക ഉയർത്തിക്കഴിഞ്ഞിരുന്നു.
കൃത്യനിർവഹണം തടസ്സപ്പെടുത്തി (പിസി 69), അതിക്രമിച്ചു കടക്കൽ (വിസി 21113(എ), അറസ്റ്റിനെ എതിർത്തു (പിസി 148), പാർക്കിൽ കഞ്ചാവ് കൈവശം വച്ചു (കൌണ്ടി ഓർഡിനൻസ് ലംഘനം) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. യുവതിയെ അറസ്റ്റ് ചെയ്ത് ലഡ്രോ ജയിലിലടച്ചു.