മാഡ്രിഡ്: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ ഗംഭീരവിജയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും ”യൂറോപ്പിനെ വീണ്ടും മഹത്തരമാക്കും…” എന്ന മുദ്രവാക്യം ഉയര്‍ത്തിയും സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന യൂറോപ്പിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനം സമാപിച്ചു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നു രണ്ടായിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷം ബ്രസ്സല്‍സില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യൂറോപ്യന്‍ തീവ്രവലതുപക്ഷ സമ്മേളനത്തിന് അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇക്കുറി, യൂറോപ്യന്‍ വന്‍കരയിലെ രാഷ്ട്രീയരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം എല്ലാ സര്‍ക്കാരുകളെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് വിജയകരമായി പര്യവസാനിച്ച മാഡ്രിഡ് സമ്മേളനം. സ്‌പെയിനിലെ തീവ്രവവലതുപക്ഷ പാര്‍ട്ടിയായ വോക്‌സ് ആണ് ഈ സമ്മേളനത്തിന് നേതൃത്വം നല്‍കിയത്.
”ഡൊണാള്‍ഡ് ട്രംപ് ലോകത്തെയാകമാനം ഒരാഴ്ചകൊണ്ട് മാറ്റിമറിച്ചു…” എന്നാണ് ഹംഗേറിയന്‍ പ്രധാനമന്ത്രിയും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവുമായ വിക്ടര്‍ ഒര്‍ബാന്‍ പ്രസ്താവിച്ചത്. ”ട്രംപ് തരംഗം ഒരു ടൊര്‍ണെയ്‌ഡോ പോലെ വീശിയടിക്കുകയായിരുന്നു. ഈ കൊടുങ്കാറ്റിന്റെ അലയൊലികള്‍ യൂറോപ്പിനെയാകമാനം ഇളക്കിമറിച്ചിട്ടുണ്ട്. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും തീവ്രവവലതുപക്ഷം കൊടുങ്കാറ്റായി മാറുവാന്‍ ഇനിയധികം സമയം വേണ്ടിവരില്ല. ഇന്നലെ വരെ ഞങ്ങളെ മതനിന്ദകരുടെ പാര്‍ട്ടിയെന്ന് വിളിച്ചുവെങ്കില്‍ ഇന്ന് ഞങ്ങള്‍ രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു…” പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് വിക്ടര്‍ ഒര്‍ബാന്‍ പ്രസ്താവിച്ചു.
ഇടത് ലിബറല്‍ കാഴ്ചപ്പാടുകാരായ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റിന്റെയും സ്‌പെയിന്റെ പ്രധാനമന്ത്രിയുടെയും പേരു പറഞ്ഞ സന്ദര്‍ഭങ്ങളിലെല്ലാം പ്രതിനിധികള്‍ പരിഹാസത്തോടെ അട്ടഹസിക്കുകയായിരുന്നു എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ യൂറോപ്യന്‍ വന്‍കരയില്‍ വര്‍ദ്ധിച്ചുവരുന്ന അനധികൃത കുടിയേറ്റത്തിനെതിരേയും ഇവര്‍ക്കു സഹായം ചെയ്തൂകൊടുക്കുന്ന വിവിധ എന്‍.ജി.ഒകള്‍ക്കെതിരേയും ഇടത് ലിബറല്‍ സംസ്‌കാരത്തിന്റെ വ്യാപനത്തിനെതിരേയും പറഞ്ഞ സന്ദര്‍ഭങ്ങളിലെല്ലാം സ്‌പെയിന്റെയും ഇസ്രായേലിന്റെയും പതാകള്‍ വീശിക്കൊണ്ടാണ് പ്രതിനിധികള്‍ ഐക്യര്‍ഡ്യം പഖ്യാപിച്ചത്.