റോം: കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു.എസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനെതിരേ കടുത്ത വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന ട്രംപ് സർക്കാരിന്റെ നടപടികളെ വിമർശിച്ച യു.എസിലെ ബിഷപ്പുമാർക്ക് അയച്ച കത്തിലാണ് പാപ്പയുടെ വിമർശനം.
നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരിൽമാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുമെന്നും മോശമായി കലാശിക്കുമെന്നും മാർപാപ്പ പറഞ്ഞു. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്ന് എക്കാലത്തും വാദിക്കുന്നയാളാണ് ലാറ്റിൻ അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ്.