വാഷിങ്ടൺ: യുക്രെയ്നെ നാറ്റോയിലെടുക്കരുതെന്ന റഷ്യൻ ആവശ്യം അംഗീകരിക്കാൻ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യം റഷ്യ കുറേക്കാലമായി പറയുകയാണ്. അത് അംഗീകരിക്കാൻ താൻ തയാറാണെന്ന് ട്രംപ് വ്യക്തമാക്കി.
റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി ഒരു മണിക്കൂർ നേരം ഫോണിൽ സംസാരിച്ചുവെന്നും ട്രംപ് വെളിപ്പെടുത്തി. ഇതിന് പിന്നാലെ ഡോണാൾഡ് ട്രംപുമായി സംസാരിച്ചുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയും അറിയിച്ചു. ശാശ്വതമായ സമാധാനത്തെ കുറിച്ചായിരുന്നു ചർച്ചകളെന്നും അദ്ദേഹം പറഞ്ഞു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായും കൂടിക്കാഴ്ച നടത്തുമെന്നും സെലൻസ്കി പറഞ്ഞു.
‘യുക്രെയ്ൻ എന്നെങ്കിലും റഷ്യൻ ആയേക്കാം’ എന്ന പരാമർശവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസം ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു. ഉടനടി കരാറിൽ ഏർപ്പെടണം, അല്ലെങ്കിൽ യുഎസിനും മറ്റു രാജ്യങ്ങൾക്കും റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തും എന്നായിരുന്നു ഭീഷണി.
2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. ഇതിന് പിന്നാലെ താൻ അധികാരത്തിലെത്തിയാൽ ഒരു ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.