ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ കുടിയേറ്റക്കാരുടെ ഭവന നിർമാണത്തിനായി അനുവദിച്ച 80 ദശലക്ഷം ഡോളറിന്റെ ഫെഡറൽ ഫണ്ടിങ് ട്രംപ് ഭരണകൂടം പിൻവലിച്ചു. കുടിയേറ്റക്കാരെ പാർപ്പിച്ച ആഡംബര ഹോട്ടലുകൾക്കായി 59 ദശലക്ഷം ഡോളർ ചെലവഴിച്ചുവെന്ന് ഡോഗ് മേധാവി എലോൺ മസ്‌ക് വ്യക്തമാക്കി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം ബുധനാഴ്ച നഗരത്തിലെ ബാങ്ക് അക്കൗണ്ടുകളിൽ 80 മില്യൺ ഡോളറിന്റെ കുറവ് സംഭവിച്ചതായി അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് തുക സർക്കാർ തിരിച്ചെടുത്തതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പും സ്ഥിരീകരിച്ചു.
മുൻ പ്രസിഡന്റ് ജോ ബൈഡന് കീഴിലെ ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിക്ക് (ഫെമ) ഹെലൻ ചുഴലിക്കാറ്റ് ഇരകളെ സഹായിക്കുന്നതിന് ഫണ്ടിൻറെ കുറവുണ്ടായിരിക്കെ, അനധികൃത കുടിയേറ്റക്കാരെ സഹായിക്കൻ പണം ചെലവഴിച്ചതിൽ കടുത്ത വിമർശനം ഉയർന്നിന്നു.
ഫെമയുടെ ഡീപ് സ്റ്റേറ്റ് ആക്ടിവിസ്റ്റുകൾ ഏകപക്ഷീയമായി ന്യൂയോർക്ക് സിറ്റിയിലെ കുടിയേറ്റ ഹോട്ടലുകൾക്ക് നൽകിയ മുഴുവൻ പണവും തിരിച്ചെടുത്തുവെന്നും അമേരിക്കൻ ജനതയുടെ താൽപര്യത്തിനും സുരക്ഷക്കും എതിരായി ഒരു പൈസ പോലും ചെലവഴിക്കില്ലെന്നുമാണ് ഹോം ലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കിയത്.
മിഡ്‌ടൗൺ മാൻഹട്ടനിലെ റൂസ്‌വെൽറ്റ് ഹോട്ടലിൽ കുടിയേറ്റക്കാരുടെ താമസ സൗകര്യങ്ങൾക്കായി ഫെമ പണം ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചു കൊണ്ട് ഫണ്ട് തിരിച്ചു പിടിക്കാനുള്ള തീരുമാനത്തെ ക്രിസ്റ്റി നോം ന്യായീകരിച്ചു. വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ ട്രംപ് ഭരണകൂടം അടുത്തിടെ നടപടി സ്വീകരിച്ച വെനിസ്വേലൻ സംഘമായ ട്രെൻ ഡി അരാഗ്വയുടെ പ്രവർത്തന കേന്ദ്രമായി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ക്രിസ്റ്റി നോം ആരോപിച്ചു.
80 മില്യൺ തിരിച്ചു പിടിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഫെമയുടെ റീഇംപേഴ്സ്മെന്റ് നയത്തിന് വിരുദ്ധമാണെന്ന് നിയമ വിദഗ്ധർ പറയുന്നു. ഇംപൗണ്ട്മെന്റ് കൺട്രോൾ ആക്ടിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ സ്വന്തമാക്കിയ ഫണ്ടുകൾ പിടിച്ചെടുക്കാനുള്ള ശ്രമമാകാനാണ് സാധ്യതയെന്ന് ജോർജ് ടൗൺ സർവകലാശാലയിലെ അഡ്മിനിസ്ട്രേറ്റീവ് ലോ പ്രഫസർ ഡേവിഡ് എ. സൂപ്പർ ചൂണ്ടിക്കാട്ടുന്നു.