ന്യൂഡൽഹി: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് പരസ്പര നികുതി ഇളവില്ലെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയ്ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും ഒരേ സമീപനം. നികുതി കാര്യത്തിൽ സഖ്യരാജ്യങ്ങൾ ശത്രു രാജ്യങ്ങളെക്കാൾ മോശം. 2030 ആകുമ്പോഴേക്കും ഇന്ത്യ – യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യൻ ഡോളറിൽ എത്തിക്കാനുള്ള നടപടികൾ ആരംഭച്ചതായി മോദി പറഞ്ഞു. യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണിൽ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുടങ്ങുമെന്നും മോദി വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്നും ട്രംപ് വ്യക്തമാക്കി. മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യുഎസ് സുപ്രീം കോടതി അനുമതി നൽകി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവൂർ റാണ നൽകിയ അപ്പീൽ ഹർജി തള്ളിയാണ് നിർണായക ഉത്തരവ് വന്നത്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരായ തഹാവൂർ റാണ നൽകിയ ഹർജി യുഎസ് കോടതി തള്ളുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് റാണയെ കൈമാറുന്ന കാര്യത്തിൽ ധാരണയായത്. വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ഈ വർഷം മുതൽ ഇന്ത്യക്ക് കൂടുതൽ ആയുധങ്ങൾ അമേരിക്ക് കൈമാറും. മോദി മികച്ച നേതാവാണെന്നും ട്രംപ് പറഞ്ഞു. അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ-യുഎസ് പുരോഗതിക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു.
അതേസമയം, അമേരിക്കൻ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശതകോടീശ്വരനും ടെസ്ല -സ്പേസ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയിലെ ബ്ലെയര്‍ ഹൗസിൽ വെച്ചാണ് ഇലോണ്‍ മസ്കുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാള്‍ട്സ്,ഇൻളിജൻസ് മേധാവി തൾസി ഗബ്ബാർഡ്,വ്യസായി വിവേക് രാമസ്വാമി എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്റ്റാർ ലിങ്കുമായി സഹകരിക്കുന്ന കാര്യത്തിൽ തീരുമാനങ്ങൾ ഉണ്ടായെന്നാണ് സൂചന.